കല്‍പ്പറ്റ: ഉരുളില്‍ ഉള്ളുപൊട്ടിയവളേ നീ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് നെഞ്ചോടുചേര്‍ത്തവന്‍, ഇനിയുള്ളകാലമത്രയും കൂടെയുണ്ടെന്ന ഉറപ്പുനല്‍കിയവന്‍... ദുരന്തമുഖത്ത് കണ്ണീര്‍വറ്റിയ കണ്ണുകളുമായി നിന്നവളുടെ കൈപിടിച്ച്, ജീവിതവീഥിയിൽ ഇനി ഒരുമിച്ചെന്നുറപ്പിച്ച് ഒപ്പംനടന്നവൻ... ഒടുക്കം ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മടങ്ങി. കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍, ഓടിവന്ന് താങ്ങാവാന്‍ ഇനി ശ്രുതിക്കരികിൽ ജെന്‍സനുണ്ടാകില്ല. പൊതുദര്‍ശനത്തിന് ശേഷം ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍ ജെന്‍സന്റെ മൃതദേഹം സംസ്‌കരിച്ചു. പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷമാണ് സംസ്‌കാരം നടന്നത്. 

To advertise here,

അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായി നിന്ന ജെൻസന്‍റെ അപ്രതീക്ഷിത വിയോഗം മലയാളികളെ ആകെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ കാലം മുതല്‍ കളിച്ചുവളര്‍ന്ന കൂട്ടുകാരാണ് അവര്‍. പത്ത് വര്‍ഷക്കാലത്തെ പ്രണയവും. തനിക്ക് ജീവനുള്ളിടത്തോളം കാലം സംരക്ഷിക്കുമെന്നും അവളെ പരിപാലിക്കുമെന്നും ഉറക്കെ വിളിച്ചുപറഞ്ഞവന്‍. ഒടുക്കം ജെന്‍സണ്‍ മടങ്ങുമ്പോള്‍ ആ വാക്കുകള്‍ കരളുപിളര്‍ക്കുന്നു. 

അതിവൈകാരികമായിരുന്നു ആ നിമിഷം. ജെൻസന്‍റെ ചേതനയറ്റ ശരീരം ഉള്ളുപിടഞ്ഞാണ് ശ്രുതി കണ്ടത്. കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ മൗനം തളംകെട്ടിക്കിടന്ന ഒരു മുറിയില്‍ വെച്ച് അവര്‍ അവസാനമായി കണ്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ശ്രുതി ഐ.സി.യുവില്‍ നിന്നാണ് സ്ട്രച്ചറില്‍ പ്രത്യേകമായി ഒരുക്കിയ മുറിയില്‍ ജെന്‍സണെ കാണാനായെത്തിയത്. അവസാനത്തെ കണ്ടുമുട്ടല്‍. കരച്ചിലടക്കാനാവാതെ ശ്രുതി പൊട്ടിക്കരഞ്ഞെന്നാണ് മുറിയിലുണ്ടായിരുന്നവര്‍ പറഞ്ഞത്. പിന്നാലെ സെഡേഷന്‍ കൊടുത്ത് ശ്രുതിയെ മയക്കി കിടത്തിയെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

placeholder
ശ്രുതിയുടെ അമ്മയുടെ മൃതദേഹം സംസ്കരിച്ച പുത്തുമലയിൽ ശ്രുതിയും ജെൻസണും പ്രാർഥനയ്ക്കായി എത്തിയപ്പോൾ

പൊതുദര്‍ശനത്തിന് വന്നവരെല്ലാം വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് കണ്ടത്. ആണ്ടൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു പൊതുദര്‍ശനം. പിന്നാലെ അടുത്ത ബന്ധുക്കള്‍ക്ക് കാണുന്നതിനായി വീട്ടിലേക്ക് കൊണ്ടുപോയി. നാടൊന്നാകെ ജെന്‍സണെ അവസാനമായി കാണാനായെത്തി. പൊതുപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളുമെല്ലാം അനുശോചനം അർപിക്കാനെത്തി. അത്യന്തം വൈകാരികമായിട്ടാണ് ജെന്‍സണെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവരെല്ലാം പ്രതികരിച്ചത്. പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷമാണ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചത്.

വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ശ്രുതിയും ജെൻസണും സ്കൂൾകാലംമുതൽ സുഹൃത്തുക്കളായിരുന്നു. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലേക്കെത്തിയത്. കല്യാണത്തിന് കരുതിയിരുന്ന സ്വർണവും പണവും വീടും ഉരുൾ കൊണ്ടുപോയിരുന്നു. ഡിസംബറിൽ ഇരുവരുടെയും വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ, ശ്രുതിക്ക് എന്തിനും കൂടെയൊരാൾ വേണമെന്ന ബോധ്യത്തിൽ ഈ മാസം അവസാനത്തിൽ വെറും ചടങ്ങുമാത്രമാക്കി ശ്രുതിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള തീരുമാനത്തിലായിരുന്നു ജെൻസൺ.

ചൊവ്വാഴ്ച വൈകീട്ട്‌ മൂന്നരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ വെള്ളാരംകുന്നിൽ ശ്രുതിക്കൊപ്പം വാനിൽ സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് ജെൻസണ്‌ സാരമായി പരിക്കേറ്റത്. ശ്രുതിയുടെ കുടുംബാംഗങ്ങളായ ഏഴുപേരും കൂടെയുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാൻ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജെൻസൺ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.