തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലബിംബത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ തന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

To advertise here,

തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി, ചെറുവള്ളി ഈശ്വരൻ നമ്പൂതിരി എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് നൽകിയത്.

മൂലബിംബം മൃൺമയം കൂട്ട്‌ ഉപയോഗിച്ചു നിർമിച്ചതിനാൽ ചൂടും കാലപ്പഴക്കവും കാരണം കേടുപാടുകളുണ്ടായിട്ടുണ്ട്. മൂലബിംബം അനന്തദേഹവുമായി ചേരുന്ന ഭാഗം തേച്ച് ശരിയാക്കണം. ബ്രഹ്മാവ്, നാഭി ബന്ധം, കാൽപ്പാദങ്ങൾ, വിരൽ എന്നിവ അടർന്നത് ഉറപ്പിക്കണം. ഇവയിലെല്ലാം മൃത്ത് ലേപനം ചേർത്ത് അടയ്ക്കണം. വെള്ളി, സ്വർണ അങ്കികൾ ആണിയടിച്ച് ഉറപ്പിച്ചതിലെ ക്ഷതവും കണ്ടെത്തി. ആണി അടിക്കുന്നത് ഒഴിവാക്കണം.

ശ്രീപദ്മനാഭസ്വാമിയുടെ വലത്തേ താടിയുടെ ഭാഗത്തുള്ള ന്യൂനത പരിഹരിക്കണം. മൂലബിംബത്തിലെ അലങ്കാരം, തോൾവള, കൈവള, ഉടയാട, പൂണൂൽ, കവചകുണ്ഡലങ്ങൾ എന്നിവയുടെ മാതൃക മെഴുകിൽ ഉണ്ടാക്കി സൂക്ഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. നിർമാണത്തിനു വേണ്ട സാധനസാമഗ്രികളുടെ അളവ് രണ്ടാഴ്ചയ്ക്കകം നൽകും. കൽക്കം, ലേപനം എന്നിവ പുതിയതു തയ്യാറാക്കണമെന്നും ശ്രീകോവിലിനുള്ളിൽ കുമ്മായം പൂശണമെന്നും റിപ്പോർട്ടിലുണ്ട്.