
കൊട്ടാരക്കര: പത്തനംതിട്ട ജില്ലാജയിലിൽനിന്ന് കൈപ്പറ്റിയ സോളാർകേസ് പ്രതിയുടെ കത്ത് 21 പേജിന്റേതായിരുന്നെന്നും ഈ കത്ത് ആദ്യം മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ്കുമാറിനെയും പിന്നീട് ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിനെയും എൽപ്പിച്ചെന്ന് മൊഴി. പ്രതിയുടെ ആദ്യ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴിനൽകിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തി കത്തിൽ നാലുപേജ് അധികമായി എഴുതിച്ചേർത്തെന്ന കേസിലാണ് ഫെനി ബാലകൃഷ്ണൻ സാക്ഷിമൊഴി നൽകിയത്.
തനിക്കു ചിലകാര്യങ്ങൾ പറയാനുണ്ടെന്ന് പ്രതി അറിയിച്ചപ്പോഴാണ് എഴുതിനൽകാൻ എറണാകുളം എ.സി.ജെ.എം. കോടതി നിർദേശിച്ചത്. പരാതി തയ്യാറാക്കി നൽകാൻ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനെ ചുമതലപ്പെടുത്തി. 2013 ജൂലായ് 19-ന് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ പ്രതി തയ്യാറാക്കിയ കത്ത് ജൂലായ് 24-നാണ് പത്തനംതിട്ട ജില്ലാ ജയിലിൽ എത്തി ഫെനി ബാലകൃഷ്ണൻ ഏറ്റുവാങ്ങിയത്. ജയിൽ സൂപ്രണ്ടിന് ഫെനി അപേക്ഷ നൽകിയതിന്റെയും 21 പേജുള്ള കത്ത് എണ്ണിതിട്ടപ്പെടുത്തി കൈപ്പറ്റിയതിന്റെയും രേഖകൾ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാക്കിയിരുന്നു. അവർ നിർദേശിച്ചതനുസരിച്ച് ജയിലിനു വെളിയിൽ കാത്തുനിന്ന പ്രദീപ്കുമാറിനെ കത്ത് എൽപ്പിച്ചു. പിന്നീട് പ്രദീപിനൊപ്പം കാറിൽ തിരുവനന്തപുരത്തു പോയി ശരണ്യ മനോജിന് കത്ത് കൈമാറുകയുമായിരുന്നു. കത്ത് വായിച്ച മനോജ് കോടതിയിൽ കൊടുക്കാനുള്ള പരാതി തയ്യാറാക്കാൻ ആവശ്യപ്പെട്ടു. പിന്നീട് സുരക്ഷാ കാരണങ്ങളാൽ അട്ടക്കുളങ്ങര ജയിലിലേക്ക് പ്രതിയെ മാറ്റി. തന്നെ എ.സി.ജെ.എം. കോടതി വിളിച്ചുവരുത്തി പ്രതി വിദ്യാഭ്യാസമുള്ളയാളായതിനാൽ സ്വയം പരാതി തയ്യാറാക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. അട്ടക്കുളങ്ങര വനിതാജയിലിൽ പ്രതി നാലുപേജുള്ള പരാതി തയ്യാറാക്കി ജയിൽ സൂപ്രണ്ട് മുഖേന കോടതിയിൽ നൽകിയിരുന്നു. ബിജു രാധാകൃഷ്ണൻ, ശാലുമേനോൻ എന്നിവർക്കെതിരേയുള്ള പരാതി കോടതി എറണാകുളം ടൗൺ നോർത്ത് പോലീസിന് കൈമാറി കേസ് രജിസ്റ്റർ ചെയ്തു. അപായപ്പെടുത്തൽ, ഭീഷണി എന്നിവയ്ക്കായിരുന്നു കേസെടുത്തതെന്നും ഫെനി ബാലകൃഷ്ണൻ കോടതിയിൽ പറഞ്ഞു. മൊഴിയെടുക്കൽ 25-ന് തുടരും.
വിചാരണ മാറ്റിവയ്ക്കണമെന്ന് ഗണേഷ്‌കുമാർ
തിരഞ്ഞെടുപ്പു കഴിയുംവരെ കൊട്ടാരക്കര കോടതിയിൽ തനിക്കെതിരായുള്ള കേസിലെ വിചാരണ നിർത്തിവയ്ക്കണമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഹർജി നൽകി. കേസിൽ വിവിധ നേതാക്കൾ നൽകുന്ന മൊഴികൾ തനിക്കെതിരായ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും സ്ഥാനാർഥിയാകാൻ പോകുന്ന തന്നെ പ്രചാരണം ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഗണേഷ്‌കുമാർ ഹർജി നൽകിയത്. ഇതിനെതിരേ കേസിലെ വാദി അഭിഭാഷകൻ സുധീർ ജേക്കബ് തടസ്സഹർജി നൽകി. രണ്ടുവർഷം ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി കേസ് നടപടികൾ തടഞ്ഞ മന്ത്രി വീണ്ടും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള കേസിലെ സാക്ഷികളെ പ്രസ്താവനകളിലൂടെ അപകീർത്തിപ്പെടുത്തുന്ന മന്ത്രിക്ക്, കേസിൽ നേരിട്ടു ഹാജരാകേണ്ടതില്ലെന്നു കോടതി നൽകിയ ഒഴിവ് റദ്ദാക്കണമെന്നും തടസ്സഹർജിയിൽ ആവശ്യപ്പെടുന്നു. ഈ ഹർജിയും 25-ന് കോടതി പരിഗണിക്കും.
Content Highlights: Witness reveals 21-page letter from Solar case accused to CM Oommen Chandy, involving politician Ganesh Kumar and his aide. Key revelations about a conspiracy.
Published: 19 Feb 2026, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented