13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ സോളാർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ടെനി ജോപ്പൻ. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി ക്രൂശിക്കാനാണ് തന്നെ കേസിൽ കുടുക്കിയതെന്നും അറസ്റ്റിന് മുമ്പുള്ള ചോദ്യം ചെയ്യലിനിടെ അന്നത്തെ ഐജി ഹേമചന്ദ്രൻ മുഖത്തടിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഹൈക്കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ടെനി ജോപ്പന്റെ പ്രതികരണം.

To advertise here,

സോളാർ കേസ്, അന്വേഷണ നടപടികൾ, ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം, 13 വർഷത്തെ നിയമപോരാട്ടം, താനും കുടുംബവും അനുഭവിച്ച മാനസിക സംഘർഷങ്ങൾ എന്നിവയെക്കുറിച്ച് ടെനി ജോപ്പൻ മാതൃഭൂമി ഡോട്ട്‌കോമിനോട് മനസുതുറക്കുന്നു.

13 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ ഹൈക്കോടതി വിധി അനുകൂലമായി. ഇപ്പോൾ എന്താണ് മനസ്സിലുള്ളത്?

തീർച്ചയായും വലിയ ആശ്വാസമാണ്. ഞാനും എന്റെ കുടുംബവും കഴിഞ്ഞ 13 വർഷമായി അനുഭവിച്ച വേദനയ്ക്ക് ഒരു പരിഹാരമാണ് ഈ വിധി. ഹൈക്കോടതിയോട് ഞാൻ നന്ദി പറയുന്നു.

സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ താങ്കൾ എങ്ങനെയാണ് പ്രതിയായത്?

സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ടീം സോളാറിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. അന്ന് എം.ഐ. ഷാൻവാസിന്റെ പി.എ. എന്നെ വിളിച്ചാണ് വിവരം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഞാൻ അവരെ അകത്തേക്ക് എത്തിച്ചു. അവർ ചെക്ക് കൈമാറി, അതിന്റെ മറുപടിയും നൽകി. അത്രയേ അവരുടെ കൂടെയുള്ള എന്റെ ആദ്യ ബന്ധം ഉണ്ടായിരുന്നുള്ളൂ.

മല്ലേലിൽ ശ്രീധരൻ നായർ എന്നയാളും സരിതയുമായി ഒരു ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. അദ്ദേഹത്തിന്റെ ക്വാറിയുടെ ഒരു വിഷയവുമായി ബന്ധപ്പെട്ട നിവേദനമായിരുന്നു കൊണ്ടുവന്നത്. മുഖ്യമന്ത്രി ആ അപേക്ഷ എന്നെ ഏൽപ്പിച്ചു. ഞാൻ അത് പത്തനംതിട്ട കളക്ടർക്ക് ഫോർവേഡ് ചെയ്തു. മറുപടിയും അവർക്കയച്ചു. അതായിരുന്നു അദ്ദേഹത്തെ ആദ്യമായി കാണുന്നതും അവസാനമായി ഓഫീസിൽ ഇടപെടുന്നതും. അതല്ലാതെ എനിക്ക് യാതൊരു വ്യക്തിപരമായ ബന്ധവുമുണ്ടായിരുന്നില്ല. പക്ഷേ പിന്നീട് 40 ലക്ഷം രൂപ നൽകാൻ ഞാൻ പ്രേരിപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ എന്നെ പ്രതിയാക്കി. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, പണം വാങ്ങിയിട്ടില്ല, ആരെയും പ്രേരിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ പലരും വരും. പതിനായിരക്കണക്കിന് ആളുകൾക്കിടയിൽ ഒരാൾ കള്ളിയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല.

ഓഫീസിലെ ഷീജ എന്ന പോലീസുകാരിക്ക് സരിതയെ അറിയാമായിരുന്നു. കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്ത് സരിത ജയിലിൽ കിടന്നിട്ടുള്ളതാണ്. ജയിലിൽ കിടന്നാണ് ഇവർ ഇളയ കുഞ്ഞിനെ പ്രസവിക്കുന്നത്. അന്ന് കൂട്ടിരുന്നത് ഷീജയാണ്. ഇവർ കള്ളിയാണെന്ന് ഷീജ ആരോടും പറഞ്ഞില്ല. മുഖ്യമന്ത്രിയോടോ കൂടെയുള്ള പോലീസുകാരോടോ ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ അന്നുതന്നെ സരിത അകത്തായേനെ. ഈ വിഷയമൊന്നും സംഭവിക്കുകയും ഇല്ലായിരുന്നു. എന്നാൽ ഉമ്മൻചാണ്ടി സാർ ഇന്നും ജീവിച്ചിരുന്നേനെ.

ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടാണ് തന്നെ ആക്രമിച്ചതെന്ന ആരോപണം ഇപ്പോഴും ഉന്നയിക്കുന്നുണ്ടല്ലോ?

അതിൽ എനിക്ക് യാതൊരു സംശയവുമില്ല. എനിക്കെതിരെ ഒരു തെളിവുപോലുമില്ല. ഞാൻ പണം വാങ്ങിയെന്നോ സാമ്പത്തിക ഇടപാടിൽ പങ്കുണ്ടായെന്നോ തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രിക്ക് സ്വന്തം ഫോൺ ഇല്ലായിരുന്നു. എംപിമാരും മന്ത്രിമാരും പൊതുജനങ്ങളും കൂടുതലായും എന്റെ ഫോണിലോ ഗൺമാന്മാരുടെ ഫോണിലോ വിളിക്കുമായിരുന്നു. ഏറ്റവും കൂടുതൽ കോളുകൾ വന്നിരുന്നത് എനിക്ക് തന്നെയായിരുന്നു. അതാണ് പിന്നീട് എനിക്കെതിരായ പ്രധാന ആയുധമായി ഉപയോഗിച്ചത്.

ഹൈക്കോടതി വിധി വന്നതിന് രണ്ട് ദിവസം കഴിഞ്ഞാണ് ഉമ്മൻ ചാണ്ടിയുടെ ഓർമദിനം. അദ്ദേഹത്തെ ഇപ്പോൾ എങ്ങനെ ഓർക്കുന്നു?

ഉമ്മൻ ചാണ്ടി സാറിനെ ബലിയാടാക്കാനാണ് എന്നെ കുടുക്കിയത് എന്ന വിശ്വാസമാണ് ഇന്നും എനിക്കുള്ളത്. അദ്ദേഹം ഗൾഫ് സന്ദർശനത്തിന് പോയ സമയത്താണ് എന്നെ ചോദ്യം ചെയ്യാൻ വിളിച്ചത്. എന്നെ അറസ്റ്റ് ചെയ്താൽ അദ്ദേഹം രാജിവെക്കും, മറ്റാരെങ്കിലും മുഖ്യമന്ത്രിയാകും എന്നൊരു രാഷ്ട്രീയ കണക്ക് അന്നുണ്ടായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് മുമ്പും അതിനായി പല നീക്കങ്ങളും നടന്നിരുന്നു.

ജയിലിലായിരുന്ന ദിവസങ്ങൾ എങ്ങനെ ഓർക്കുന്നു ?

ഞാൻ 60 ദിവസം ജയിലിൽ കിടന്നു. പക്ഷേ യഥാർഥ പോരാട്ടം നടത്തിയിരുന്നത് എന്റെ ഭാര്യയും ഭാര്യയുടെ അച്ഛനും അഭിഭാഷകനും സുഹൃത്തുക്കളുമാണ്. അവർ ദിവസവും തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് ഹൈക്കോടതിയിൽ പോയി തിരികെ വരും. പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് വീണ്ടും യാത്ര. ആ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് അവർ മാത്രമാണ് അറിയുക. ജയിലിൽ ഞാൻ അനുഭവിച്ചതും കുടുംബം അനുഭവിച്ചതും വാക്കുകളിൽ പറയാനാകില്ല.

ഇത്രയും വർഷം സാമ്പത്തികമായും വലിയ പ്രതിസന്ധി നേരിട്ടല്ലോ?

അതെ. ഇന്നുവരെ എന്റെ പേരിൽ ഒരു സെന്റ് ഭൂമിയോ വലിയ ബാങ്ക് ബാലൻസോ ഇല്ല. അക്കൗണ്ടിൽ അഞ്ചോ പത്തായിരമോ രൂപ മാത്രമാണ് ഉണ്ടായിരുന്നത്. കേസുകൾ നടത്താൻ കടം വാങ്ങേണ്ടി വന്നു. പെൻഷൻ പോലും ഇതുവരെ ലഭിച്ചിട്ടില്ല. വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്. കിട്ടുമെന്നാണ് പ്രതീക്ഷ.

ഇത്രയും ബന്ധങ്ങളുണ്ടായിരുന്നിട്ടും ആരെങ്കിലും സഹായിച്ചോ?

ഇല്ല. ഞാൻ ആരോടും സഹായം ചോദിച്ചില്ല. ആരും സഹായിച്ചുമില്ല. സഹായിക്കേണ്ട ഒരേയൊരു വ്യക്തി ഉമ്മൻ ചാണ്ടി സാറായിരുന്നു. പക്ഷേ അദ്ദേഹം അകാലത്തിൽ നമ്മെ വിട്ടുപോയി. പാർട്ടിയിലെ പലരും എന്നെ കുറ്റക്കാരനെപ്പോലെയാണ് കണ്ടത്. ഞാൻ തെറ്റ് ചെയ്ത ആളാണെന്ന രീതിയിലായിരുന്നു സമീപനം. ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധി കിട്ടിയതോടെ, ഞാൻ എന്താണ് ചെയ്തതെന്നും എന്തല്ല ചെയ്തതെന്നും ജനങ്ങൾക്ക് മനസ്സിലാകുമെന്നാണ് വിശ്വാസം.

അന്വേഷണത്തിനിടെ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

തീർച്ചയായും. 2013 ജൂൺ 27-ന്, ഉമ്മൻ ചാണ്ടി സാർ ഗൾഫിലേക്ക് പോകുന്ന ദിവസം, കോട്ടയം ഡി.വൈ.എസ്.പി. എന്നെ വിളിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. ഓഫീസിൽ അറിയിച്ചപ്പോൾ 'പോയി ചോദ്യം ചെയ്ത് വരൂ' എന്നായിരുന്നു മറുപടി.

ചെന്നപ്പോൾ അരമണിക്കൂർ മാത്രമാണ് ചോദ്യം ചെയ്തത്. പിന്നീട് ഒരു മുറിയിൽ ഇരുത്തി. കുറച്ച് കഴിഞ്ഞ് ഒരു ഉദ്യോഗസ്ഥൻ വന്ന് എന്റെ ഫോൺ വാങ്ങി. തുടർന്ന് മല്ലേരി ശ്രീധരൻ നായരെ കൊണ്ടുവന്ന് തിരിച്ചറിയാൻ ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് പറഞ്ഞു.

അദ്ദേഹത്തെ പുറത്താക്കിയ ശേഷം മറ്റൊരു ഉദ്യോഗസ്ഥൻ വന്ന് ചില ചോദ്യങ്ങൾ ചോദിച്ചു. ഞാൻ മറുപടി പറഞ്ഞ ഉടൻ ഐജി ഹേമചന്ദ്രൻ എന്റെ മുഖത്ത് അടിച്ചു. 'എന്തിനാണ് അടിക്കുന്നത്?' എന്ന് ചോദിച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല. അദ്ദേഹം പുറത്തുപോയി മാധ്യമങ്ങളോട് 'ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തു' എന്ന് അറിയിച്ചു. എനിക്കെതിരെ എന്ത് തെളിവാണുള്ളതെന്ന് അന്നും പറഞ്ഞില്ല, ഇന്നും പറഞ്ഞിട്ടില്ല.

ഞാൻ പറഞ്ഞതുകൊണ്ട് 40 ലക്ഷം രൂപ നൽകിയെന്നാണ് മല്ലേരി ശ്രീധരൻ നായർ പറഞ്ഞത്. അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം എന്നാൽ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, പണം നൽകാൻ ആവശ്യപ്പെട്ടിട്ടില്ല, ആ കമ്പനി നല്ലതാണെന്ന് പറഞ്ഞിട്ടുമില്ല.

ഐജി ഹേമചന്ദ്രൻ മുഖത്തടിച്ച സംഭവത്തിൽ നിയമനടപടി ആലോചിക്കുന്നുണ്ടോ?

അഭിഭാഷകനുമായി ആലോചിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷം എന്ത് നിയമനടപടി സ്വീകരിക്കണമെന്നത് തീരുമാനിക്കും.

ഉമ്മൻ ചാണ്ടിക്കൊപ്പം വർഷങ്ങളോളം പ്രവർത്തിച്ച വ്യക്തിയാണ് താങ്കൾ. അദ്ദേഹത്തെ എങ്ങനെയാണ് ഓർക്കുന്നത്?

ഉമ്മൻ ചാണ്ടി സാറിനെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. വിദ്യാർഥി രാഷ്ട്രീയകാലം മുതൽ അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. കെഎസ്യു പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തെ പരിചയപ്പെട്ടു. പിന്നീട് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരവും ലഭിച്ചു.

അദ്ദേഹമാണ് എനിക്ക് ജോലി നൽകിയത്. ലോകം എന്നെ തിരിച്ചറിയാൻ കാരണമായതും അദ്ദേഹം തന്നെയാണ്. അതുകൊണ്ടുതന്നെ, എന്ത് സാഹചര്യമായാലും അദ്ദേഹത്തെ ദ്രോഹിക്കുന്ന ഒരു കാര്യവും ഞാൻ ചെയ്യില്ലായിരുന്നു. പലരും 'എല്ലാം തുറന്നുപറയൂ' എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹത്തോടുള്ള കടപ്പാടുകൊണ്ടാണ് ഞാൻ ഇത്രയും വർഷം മൗനം പാലിച്ചത്. ഇന്നും അതേ നിലപാടാണ്.

ഉമ്മൻ ചാണ്ടി താങ്കളെ ഒരിക്കലും തെറ്റിദ്ധരിച്ചിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

ഒരിക്കലും ഇല്ല. നൂറ് ശതമാനം ഉറപ്പുണ്ട്. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന ചിലർ പലവിധത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു. അതിന്റെ ഫലമായി അദ്ദേഹം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലായി. കൂടെ നിന്നവർ പോലും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായി. അതാണ് അദ്ദേഹത്തെ മാനസികമായി തകർത്തത്.

ഈ കേസിന്റെ സമയത്ത് ഉമ്മൻ ചാണ്ടി നേരിട്ട മാനസിക സമ്മർദം നേരിട്ട് കണ്ട ആളാണല്ലോ. അത് എങ്ങനെയായിരുന്നു? ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത എങ്ങനെ ഉൾക്കൊണ്ടു?

അദ്ദേഹം അനുഭവിച്ച വേദന വാക്കുകളിൽ പറയാനാവില്ല. രാവിലെ ഏഴ് മണിക്ക് ഓഫീസിലെത്തി രാത്രി പന്ത്രണ്ടോ ഒരു മണിയോ വരെ ജോലി ചെയ്തിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ജനങ്ങൾക്കുവേണ്ടി മാത്രം ജീവിച്ച ഒരാളായിരുന്നു.

അദ്ദേഹത്തിന്റെ മരണം എനിക്ക് വലിയ ഷോക്കായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയില്ല. കൊട്ടാരക്കരയിൽ നിന്നാണ് അന്ത്യയാത്ര കണ്ടത്. പിന്നീട് പുതുപ്പള്ളിയിലെ കല്ലറയിൽ പോയി പ്രാർഥിച്ചു. സത്യത്തിൽ അദ്ദേഹം ഇത്ര വേഗം നമ്മെ വിട്ടുപോകാൻ കാരണമായത് ഈ കേസിലൂടെ ഉണ്ടായ മാനസിക സമ്മർദമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കൂടെ നിൽക്കേണ്ടവർ പോലും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. അതാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. ആ മാനസിക ആഘാതമാണ് പിന്നീട് ആരോഗ്യത്തെയും ബാധിച്ചതെന്നാണ് എന്റെ വിശ്വാസം.

അറസ്റ്റ് കഴിഞ്ഞ ശേഷം നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല. രണ്ടുമൂന്ന് തവണ ഫോൺ ചെയ്യാൻ ശ്രമിച്ചു. പക്ഷേ ഗൺമാൻമാർ ഫോൺ കൈമാറിയില്ല. 'സാർ മീറ്റിങ്ങിലാണ്' എന്നായിരുന്നു മറുപടി. പിന്നീട് ആശുപത്രിയിലായിരുന്നപ്പോഴും വിളിച്ചു. അപ്പോഴും സംസാരിക്കാൻ കഴിഞ്ഞില്ല. അതിന് ശേഷം ഞാൻ വീണ്ടും ശ്രമിച്ചില്ല.

'ശത്രുക്കൾ പുറത്തല്ല, അകത്താണ്' എന്ന് താങ്കൾ പറഞ്ഞിരുന്നു. അതിന്റെ അർഥം എന്താണ്?

ഞാൻ ആരുടെയും പേര് പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഉമ്മൻ ചാണ്ടി സാർ ഗൾഫിലേക്ക് പോകുന്ന ദിവസം തന്നെ എന്നെ ചോദ്യം ചെയ്യാൻ വിളിച്ചതും അറസ്റ്റ് ചെയ്തതും യാദൃശ്ചികമല്ല. അതിന് പിന്നിൽ വ്യക്തമായ ഒരു അജണ്ട ഉണ്ടായിരുന്നു. അന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഐജി ഹേമചന്ദ്രനാണ് അതിന് ഉത്തരവാദിയെന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്.

എനിക്കെതിരെ ഒരു സാമ്പത്തിക കുറ്റവും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ പണം വാങ്ങിയിട്ടില്ല. ഭൂമി വാങ്ങിയിട്ടില്ല. ബാങ്കിൽ വലിയ നിക്ഷേപങ്ങളില്ല. ഒരു രൂപയുടെ പോലും അനധികൃത സ്വത്ത് എന്റെ പേരിലില്ല.

എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു.അതിനാൽ അന്വേഷണത്തിന് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടായിരുന്നുവെന്നാണ് എന്റെ വിശ്വാസം. അത് നിയമപരമായി പിന്നീട് വിശദമായി പറയാം.

ഉമ്മൻ ചാണ്ടി സാർ വിദേശയാത്രയ്ക്ക് പോകുന്ന ദിവസം തന്നെയാണ് എന്നെ വിളിച്ചത്. അതിന് മുമ്പോ ശേഷമോ ചോദ്യം ചെയ്യാമായിരുന്നു. പക്ഷേ അന്ന് തന്നെ വിളിച്ചു. എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രി രാജിവെക്കും എന്നൊരു രാഷ്ട്രീയ കണക്കുകൂട്ടൽ ചിലർക്കുണ്ടായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഇത്രയും വർഷം കഴിഞ്ഞിട്ടും പല കാര്യങ്ങളും തുറന്നുപറയുന്നില്ലല്ലോ?

അതിന് സമയമുണ്ട്. ഞാൻ അനുഭവിച്ച വേദനയെക്കാൾ വലിയ വേദന മറ്റാർക്കും ഉണ്ടാകില്ല. എന്നിട്ടും ഞാൻ ഇന്നുവരെ ഒരാളെയും ഒറ്റിക്കൊടുത്തിട്ടില്ല. പക്ഷേ ഒരു പരിധിവരെ മാത്രമേ മൗനം പാലിക്കാൻ കഴിയൂ. സമയമാകുമ്പോൾ എല്ലാ കാര്യങ്ങളും തുറന്നു പറയും. മാധ്യമങ്ങളെ വിളിച്ചിരുത്തി തന്നെ പറയും.

ഇന്നും താങ്കൾ ക്രൂശിക്കപ്പെടുന്നുവെന്ന് തോന്നുന്നുണ്ടോ? പാർട്ടിയും ഒപ്പം നിന്നില്ലല്ലോ ?

തീർച്ചയായും. ഞാൻ കോൺഗ്രസുകാരനായിരുന്നു. കെഎസ്യുവിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചു. പക്ഷേ കേസിന് ശേഷം പാർട്ടിയിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. എന്നെ സഹായിച്ചവരിൽ ചിലർ പോലും പിന്നീട് എതിരാളികളായി മാറി.

ആരൊക്കെയാണെന്ന് ഇപ്പോൾ പറയുന്നില്ല. സമയം വരുമ്പോൾ അതും പറയും.

ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി പിന്നീട് ബന്ധമുണ്ടായിരുന്നോ?

ഇല്ല. ജോലി ചെയ്തിരുന്ന സമയത്ത് ആ കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു. സ്വന്തം കുടുംബത്തെപ്പോലെയാണ് ഞാൻ കണ്ടിരുന്നത്. പക്ഷേ കേസ് വന്ന ശേഷം അവർ എന്നെ മറ്റൊരു രീതിയിലാണ് കാണാൻ തുടങ്ങിയത്.

ഞാൻ കാരണമാണ് ഈ പ്രതിസന്ധി ഉണ്ടായതെന്ന തെറ്റിദ്ധാരണ അവർക്കുണ്ടായി. അതിന് പിന്നിൽ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ അവരോട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇന്നും ഉറപ്പുണ്ട്.

കുടുംബത്തിന്റെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിച്ചില്ലേ?

ഇല്ല. അവർ എന്നെ ശത്രുവായി കണ്ടുകഴിഞ്ഞപ്പോൾ വീണ്ടും പോയി വിശദീകരിക്കേണ്ട സാഹചര്യമുണ്ടായില്ല. ഒരു ഘട്ടത്തിലും അവർ എന്നെ ബന്ധപ്പെട്ടിട്ടില്ല. ഞാനും നിർബന്ധിച്ച് ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ഇന്ന് ഹൈക്കോടതി വിധിക്ക് ശേഷം അവർക്ക് യാഥാർഥ്യം മനസ്സിലാകുമെന്നാണ് പ്രതീക്ഷ.

ഈ കേസിൽ ഇനിയും പുറത്തുവരാനുള്ള സത്യങ്ങൾ ഉണ്ടെന്ന് പറയുന്നുണ്ടല്ലോ?

തീർച്ചയായും. ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ട്. പക്ഷേ ഇപ്പോൾ അതെല്ലാം പറയാൻ ഞാൻ തയ്യാറല്ല. കോടതി ഉത്തരവുകൾ മുഴുവനായും ലഭിക്കട്ടെ. അഭിഭാഷകനുമായി ആലോചിച്ച ശേഷം നിയമപരമായി പറയേണ്ട കാര്യങ്ങൾ പറയും. എന്നെ അറസ്റ്റ് ചെയ്തവർ എന്തിന്റെ അടിസ്ഥാനത്തിലാണ് അത് ചെയ്തതെന്ന് അവർ തന്നെയാണ് വിശദീകരിക്കേണ്ടത്.

താങ്കളെ ചതിച്ചവരെക്കുറിച്ച് ഇപ്പോഴും പറയാൻ മടിക്കുന്നത് എന്തുകൊണ്ടാണ്?

ഭയമൊന്നുമല്ല. കഴിഞ്ഞ 13 വർഷം ഞാൻ അനുഭവിച്ചതിന് ശേഷം ഇനി ഭയക്കാൻ ഒന്നുമില്ല. പക്ഷേ ഒരു മാനസികാവസ്ഥയുണ്ട്. ചില കാര്യങ്ങൾ നിയമപരമായും സൂക്ഷിച്ചാണ് പറയേണ്ടത്. സമയം വരുമ്പോൾ എല്ലാം തുറന്നുപറയും. ആരെയും രക്ഷിക്കാനല്ല, സത്യം പറയാനാണ് ഞാൻ കാത്തിരിക്കുന്നത്.