തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒൻപത് പേർ ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും അതിൽ യോഗ്യരായ മൂന്നോ നാലോ പേരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

To advertise here,

കേരളത്തിലെ പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് എന്നിവ മഠവുമായി ബന്ധപ്പെട്ടവർക്ക് നൽകണമെന്നാണ് ആവശ്യം. കൂടാതെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ നിയന്ത്രിക്കുന്നതിലും നിയമിക്കുന്നതിലും കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാകണമെന്നും സച്ചിദാനന്ദ സ്വാമി ആവശ്യപ്പെട്ടു.

കേരള കൗമുദി എഡിറ്റോറിയലിൽ ആറ് പേരെ മന്ത്രിമാരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കുറഞ്ഞത് മൂന്ന് -നാല് പേർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്ന കാര്യത്തിൽ മഠത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി ഇത് നടപ്പിലാക്കുമെന്ന് വിശ്വസിക്കുന്നതായും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.