
കൊച്ചി: 60-ാം വയസ്സിൽ കേരള ഹൈക്കോടതിയുടെ ബാർ കൗൺസിലിൽ അഭിഭാഷകയായി എൻറോൾ ചെയ്ത് സിസ്റ്റർ ലൂസി കളപ്പുര. ശനിയാഴ്ചയായിരുന്നു എൻറോൾമെന്റ്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നാഗരേഷ്, കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വക്കേറ്റ് അജിത് ടി.എസ്, എൻറോൾമെൻ്റ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് ഷാ പി.എ എന്നിവരുടെ സാന്നിധ്യത്തിലാണ് സിസ്റ്റർ ലൂസിക്ക് എൻറോൾമെൻ്റ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
ഗണിതശാസ്ത്ര അധ്യാപികയായി വിരമിച്ചതിന് ഒരു വർഷത്തിന് ശേഷം 2022 ജൂലായിലാണ് സിസ്റ്റർ ലൂസി നിയമപഠനം ആരംഭിച്ചത്. എറണാകുളത്തെ ശ്രീ നാരായണ ലോ കോളേജിലായിരുന്നു നിയമബിരുദപഠനം. തൻ്റെ പോരാട്ടത്തിൻ്റെ ഫലമാണിതെന്നാണ് സിസ്റ്റർ ലൂസിയുടെ പ്രതികരണം.
"ഇതൊരു എളുപ്പമുള്ള യാത്രയായിരുന്നില്ല. നീതി നിഷേധിക്കപ്പെട്ടതും ന്യായവ്യവസ്ഥയ്ക്ക് മുന്നിൽ ഒറ്റപ്പെട്ടു നിൽക്കേണ്ടി വന്നതുമായ സ്ത്രീകൾക്ക് ശബ്ദം നൽകാനും നിയമ സഹായം നൽകാനും ഞാൻ ആഗ്രഹിക്കുന്നു. ജൂനിയറായി കുറച്ചുകാലം പ്രവർത്തിക്കേണ്ടതുണ്ട്," അവർ മാധ്യമങ്ങളോട് പറഞ്ഞു.
സഭയുടെ അധികാരികളുമായുള്ള വർഷങ്ങളായുള്ള ഏറ്റുമുട്ടലുകളാണ് അവരുടെ നിയമപരമായ യാത്രയ്ക്ക് പിന്നിൽ. 2019 ഓഗസ്റ്റിൽ, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അവരെ പുറത്താക്കി. 2014 നും 2016 നും ഇടയിൽ കോട്ടയം കുറവിലങ്ങാട് ആശ്രമത്തിൽ ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ട ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിനായിരുന്നു ഇത്. 2018 സെപ്റ്റംബറിൽ കേരള ഹൈക്കോടതിക്ക് മുന്നിൽ നടന്ന പ്രതിഷേധങ്ങളിൽ ബിഷപ്പിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് ലൂസി മുന്നിട്ടുനിന്നിരുന്നു.
സ്വന്തം ഇഷ്ടപ്രകാരം വാഹനം ഓടിക്കുക, കാർ വാങ്ങുക, കവിതകൾ പ്രസിദ്ധീകരിക്കുക, അതിജീവിതയായ കന്യാസ്ത്രീയെ പരസ്യമായി പിന്തുണയ്ക്കുക തുടങ്ങിയ "ജീവിതശൈലിയിലെ ലംഘനങ്ങൾ" ചൂണ്ടിക്കാട്ടിയാണ് സഭാ അധികാരികൾ ഇവരെ പുറത്താക്കിയത്. പിന്നീട് വത്തിക്കാൻ ഈ തീരുമാനത്തെ അംഗീകരിച്ചു. "കർത്താവിന്റെ നാമത്തിൽ" എന്ന പേരിൽ അവർ എഴുതിയ ആത്മകഥ സഭയിലും സന്യാസ സമൂഹത്തിലും വലിയ ചലനങ്ങളുണ്ടാക്കി.
2021 ജൂലായിൽ, വയനാട്ടിലെ എഫ്.സി.സി. ആശ്രമം ഒഴിയാൻ കേരള ഹൈക്കോടതി ലൂസിയോട് നിർദ്ദേശിച്ചിരുന്നു. പിന്നീട് ആ ഉത്തരവ് സ്റ്റേ ചെയ്തു. ഈ തിരിച്ചടികൾക്കിടയിലും സിറ്റർ ലൂസി ധീരതയോടെ നിലകൊണ്ടു. അവരുടെ കേസുകളിൽ അഭിഭാഷകൻ പിന്മാറിയപ്പോൾ, അവർ സ്വയം കോടതിയിൽ വാദിച്ചു. നിയമപഠനത്തിനിടെ ഹോസ്റ്റലിലാണ് അവർ താമസിച്ചത്. അവരുടെ അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും പിന്തുണ ലഭിച്ചു.
2022 ജനുവരി 27 ന് പാലാ പോക്സോ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ഈ വിധി "ക്രൈസ്തവതയ്ക്ക് വിരുദ്ധമാണെന്ന്" സിസ്റ്റർ ലൂസി വിമർശിച്ചിരുന്നു.
Content Highlights: Celebrating a remarkable achievement, Sister Lucy Kalappura becomes a lawyer at 60. Learn about her inspiring journey and dedication to justice.
Published: 11 Jan 2026, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented