'ബാബുഭായ് പാടട്ടെ' സംഗീതപരിപാടിയിൽ ബാബു ശങ്കർ പാടുന്നു. ഒപ്പം ഭാര്യ ലത.
കോഴിക്കോട്: ബാബുഭായിക്ക് പാടാനേ അറിയൂ. ജനിച്ചതുതന്നെ പാട്ടിന് നടുവിലേക്കാണ്. ഓര്‍മവെച്ചപ്പോള്‍മുതല്‍ കേള്‍ക്കുന്നതും പാട്ടാണ്. അങ്ങനെ 'ജന്മനാല്‍ത്തന്നെ' ബാബുഭായി പാട്ടുകാരനായാണ് വളര്‍ന്നത്. ആ ബാബു ഭായിയോടാണ് പെട്ടെന്നൊരു ദിവസം പാടേണ്ടെന്ന് പോലീസ് പറഞ്ഞത്. അതുകേട്ട് നെഞ്ചുപൊട്ടിനില്‍ക്കേ അടിച്ചോടിച്ചത് എന്തിനാണെന്നുപോലും ഇപ്പോഴും മനസ്സിലായിട്ടില്ല അദ്ദേഹത്തിന്.
മിഠായിത്തെരുവിലും ബീച്ചിലും മറ്റും പാട്ടുപാടി ജീവിച്ചിരുന്ന ബാബുഭായിയെയും കുടുംബത്തെയുമാണ് പോലീസ് പാട്ടുപാടാന്‍ സമ്മതിക്കാത്തത്. ആറുമാസം മുമ്പാണ് സംഭവം. പിന്നീട് പലതവണ തെരുവില്‍ പാടാനെത്തിയെങ്കിലും സമ്മതിച്ചില്ല. പാട്ടുകേട്ട് ചുറ്റും ആളുകൂടുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നാണ് പോലീസ് പറഞ്ഞതത്രേ. ''പത്തോ പതിനഞ്ചോ പേര്‍ ചുറ്റും കൂടിയാലായി. അതുകൊണ്ട് എന്ത് പ്രശ്‌നമാണുണ്ടാകുന്നതെന്നറിയില്ല. ഞാനും ഭാര്യയും ഏഴ് കുട്ടികളുമുള്ള കുടുംബം ഇതുവരെ കഴിഞ്ഞുപോയത് അതുകൊണ്ടാണ്. കുട്ടികളെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം പാട്ടുപാടിയാണ്. ആരും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ ഇപ്പോഴെന്താ...''-ബാബു ഭായ് ചോദിക്കുന്നു.
ബാബുഭായ് ജനിക്കുംമുമ്പ് ഗുജറാത്തില്‍നിന്ന് കോഴിക്കോട്ടെത്തിയതാണ് അച്ഛനും അമ്മയും. ജനിച്ചതും വളര്‍ന്നതുമെല്ലാം കല്ലായിയിലാണ്. ഗുജറാത്തില്‍ പോയതുതന്നെ ഏതാനും തവണ മാത്രം. സ്വന്തം വീടുതന്നെയാണ് കോഴിക്കോട്.
പാടാന്‍ സമ്മതം ചോദിച്ച് ബാബുഭായ് കളക്ടറെ കണ്ടു. ''അദ്ദേഹം സമ്മതിച്ചു. എഴുതി നല്‍കാനാവില്ലെന്നുപറഞ്ഞു. അങ്ങനെ വീണ്ടും പാടാനെത്തി. അപ്പോഴും പോലീസ് സമ്മതിച്ചില്ല. കളക്ടര്‍ സമ്മതംതന്ന കാര്യം പറഞ്ഞപ്പോള്‍ എഴുതിത്തന്നിട്ടുണ്ടോ എന്ന് ചോദ്യം. ഇല്ലെങ്കില്‍ പാടാനാവില്ല-പോലീസ് തീര്‍ത്തുപറഞ്ഞു. ഒടുവില്‍ കമ്മിഷണര്‍ ഓഫീസിലുംപോയി പരാതി നല്‍കി''-ബാബുഭായി പറഞ്ഞു. പക്ഷേ, ഫലമൊന്നും ഉണ്ടായിട്ടില്ല.
ബാബുവിന്റെ അവസ്ഥകണ്ട് ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ 'ബാബുഭായ് പാടട്ടെ' എന്ന പേരില്‍ ചക്കോരത്തുകളം തപോവനത്തില്‍ അദ്ദേഹത്തിന് പാടാനായി വേദിയൊരുക്കി. ഭാര്യയും മകള്‍ കൗസല്യയും ഒപ്പമുണ്ടായിരുന്നു. ഐ.വൈ.എ.യുടെ 50-ാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചായിരുന്നു പരിപാടി. കേള്‍ക്കാനെത്തിയവരില്‍നിന്ന് സമാഹരിച്ച സഹായധനം ഐ.വൈ.എ. പ്രസിഡന്റ് ടി.ഡി. ഫ്രാന്‍സിസ് കൈമാറി. സ്പ്രിങ് ട്യൂണ്‍സ് ഫെയ്സ് ബുക്ക് ഗ്രൂപ്പിന്റെ സഹായധനവും നല്‍കി. കണ്‍വീനര്‍ മനോജ് കുമാര്‍, കെ. വിനയന്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: singer babubhai from kozhikode sings again, police restriction continues


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..