തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അർധഅതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈൻ പദ്ധതിക്കുള്ള സ്ഥലമേറ്റടുക്കൽ വിജ്ഞാപനം റദ്ദായതോടെ ഭൂ ഉടമകൾക്ക് ഇനി മഞ്ഞക്കുറ്റികൾ നീക്കാം. കേന്ദ്രാനുമതി നിഷേധിക്കപ്പെടുകയും സംസ്ഥാന സർക്കാർ ബദൽ റെയിൽ പദ്ധതിയായ റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം പ്രഖ്യാപിക്കുകയും ചെയ്തതോടെ സിൽവർലൈൻ ഉയർത്തിയ ഭൂമി ഏറ്റെടുക്കൽ ആശങ്കകൾ ഇതോടെ ഒഴിയുകയാണ്.
സിൽവർലൈൻ ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പദ്ധതിക്കായി നടത്തിയ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായി. സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ-റെയിലിന്റെയും ഔദ്യോഗിക വിശദീകരണം. സാമൂഹിക ആഘാതപഠനം നടത്താൻ അതിർത്തിനിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികൾ നാട്ടിയത്.
2022-ലെ അതിർത്തിനിർണയവും അതിർത്തിനിശ്ചയിക്കലും ഇതോടെ അസാധുവായി. സിൽവർലൈൻ യാഥാർഥ്യമാകണമെങ്കിൽ വിശദപദ്ധതിരേഖ ഒഴികെയുള്ളവ വീണ്ടും ചെയ്യേണ്ടിവരും. കേന്ദ്രം എതിർക്കുന്ന പശ്ചാത്തലത്തിൽ അതിന് സാധ്യതയില്ല.
കാലാവധി തീർന്നു
അതിരടയാള നിയമപ്രകാരം റവന്യൂവകുപ്പ് ഇറക്കിയ വിജ്ഞാപനത്തിന് പരമാവധി ഒരുവർഷ കാലാവധിയാണ് ഉണ്ടായിരുന്നത്. ഇതിനുള്ളിൽ പഠനം പൂർത്തീകരിച്ചില്ലെങ്കിൽ അസാധുവാകുന്നതാണ് ഈ വിജ്ഞാപനം. ഹിയറിങ് നടത്തി പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും വേണം.
ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉത്തരവിറക്കേണ്ടത്. ഈ നടപടിക്രമം സിൽവർലൈനിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല.
അലൈൻമെന്റിൽ കണ്ണുനട്ട് റാപ്പിഡും കേന്ദ്രവും
പുതിയപദ്ധതിക്ക് സിൽവർലൈനിന്റെ അലൈൻമെന്റും പരിഗണനയിലുണ്ട്. ഉയരപ്പാതയിൽ നിർദേശിച്ച റാപ്പിഡ് റെയിലിന് സിൽവർലൈൻ പോലെ സ്ഥലം വേണ്ടിവരില്ല. പാതയ്ക്ക് ഇരുവശത്തും ബഫർ സോണും കുറവായിരിക്കും.
റെയിൽവേയും സിൽവർലൈനിന്റെ അലൈൻമെന്റിൽ കണ്ണുവെച്ചിട്ടുണ്ട്. കേരളത്തിലെ മൂന്നും നാലും പാതകൾ ഇതുവഴിയാകാമെന്നാണ് റെയിൽവേയുടെ നിർദേശം. സംസ്ഥാനം സ്ഥലമേറ്റെടുത്തുനൽകണമെന്ന നിബന്ധനയാണ് റെയിൽവേക്കുള്ളത്. ഇതിനോട് സംസ്ഥാനസർക്കാരിന് വിയോജിപ്പുണ്ട്.
Content Highlights: Kerala`s SilverLine project faces cancellation as land acquisition notification is revoked. Yellow markers for land surveys are now removed.
Published: 01 Feb 2026, 07:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented