തിരുവനന്തപുരം: നിയമസഭാസമ്മേളനം നടക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബര്‍ ഉപരോധിച്ചപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍  ഏഴ്  പ്രതിപക്ഷ സാമാജികരുടെ പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളോട് സ്പീക്കർ  വിശദീകരണം ആവശ്യപ്പെട്ടു. 

To advertise here,

ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള അതീവ സുരക്ഷ മേഖലയിൽ ചട്ടവിരുദ്ധമായി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനാണ് സ്പീക്കർ വിശദീകരണം തേടി നോട്ടീസ് അയച്ചത്. ടി. സിദ്ദീഖ്,  കെ.കെ. രമ, എം.കെ. മുനീർ, എ.പി. അനിൽകുമാർ, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നീ എംഎൽഎമാരുടെ പിഎ മാർക്കെതിരെയാണ് നോട്ടീസ്. 

നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനകം നിയമസഭാസെക്രട്ടറിയെ രേഖാമൂലം വിശദീകരണം അറിയിക്കണമെന്നും അല്ലാത്തപക്ഷം ചട്ടപ്രകാരമുള്ള അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. 

മാർച്ച് 15 ന് സഭാസമ്മേളനം അവസാനിച്ച ശേഷം പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബര്‍ ഉപരോധിച്ചതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഭരണകക്ഷി എംഎൽഎമാരുടെയും മന്ത്രിമാരുടെയും പേർസണൽ സ്റ്റാഫ്‌ അംഗങ്ങൾക്കെതിരെ നടപടി ഇല്ലെന്ന ആരോപണവും പ്രതിപക്ഷഭാ​ഗത്ത് നിന്ന് ഉയർന്നിട്ടുണ്ട്.