തിരുവനന്തപുരം:  ലഹരിവ്യാപനം സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച. പി.സി.വിഷ്ണുനാഥ് എം.എല്‍.എ.യാണ് വിഷയം അടിയന്തരപ്രമേയമായി സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് സഭയെ അറിയിക്കുകയായിരുന്നു. 

To advertise here,

ലഹരിമരുന്ന് വ്യാപനം സമൂഹത്തില്‍ കൂടുതലാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. ഇതിനിടെ, ഭരണപക്ഷത്തുനിന്ന് സംസാരിച്ച എ.പ്രഭാകരന്‍ എം.എല്‍.എ. ചില പരോക്ഷവിമര്‍ശനവും നടത്തി. സമൂഹത്തിനാണ് ലഹരി തടയാനുള്ള ഉത്തരവാദിത്വം. കുട്ടികള്‍ ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുമ്പോള്‍ തന്റെ മകന്‍ അങ്ങനെ ചെയ്യില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇത് തെറ്റാണെന്നും എ.പ്രഭാകരന്‍ പറഞ്ഞു. 

അടുത്തിടെ കായംകുളം എം.എല്‍.എ. യു.പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിരുന്നു. തന്റെ മകന്‍ തെറ്റ് ചെയ്യില്ലെന്നാണ് തന്റെ വിശ്വാസമെന്നായിരുന്നു വിഷയത്തില്‍ പ്രതിഭയുടെ നിലപാട്. ഈ പശ്ചാത്തലത്തിലായിരുന്നു പേരുകളൊന്നും പരാമര്‍ശിക്കാതെ മലമ്പുഴ എം.എല്‍.എ. എ.പ്രഭാകരന്റെ വാക്കുകള്‍. 

അതിനിടെ, യു. പ്രതിഭയും മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചു. 'ഗൗരവമുള്ള വിഷയമായതിനാലാണ് ഇടപെട്ട് സംസാരിക്കുന്നത്. 'നേര്‍വഴി' അടക്കമുള്ള പദ്ധതികള്‍ സ്‌കൂളിലുണ്ട്, എവിടെയൊക്കെയാണ് ഇത് ആത്മാര്‍ഥമായി നടത്തുന്നതെന്ന് പരിശോധിക്കുന്നുണ്ടോ?', പ്രതിഭ ചോദിച്ചു. എക്‌സൈസ് കേസെടുക്കുമ്പോള്‍ ശരിയായ പരിശോധന നടത്താനുള്ള സംവിധാനമുണ്ടോയെന്നും ആവശ്യമായ പരിശോധന നടത്തിയിട്ടാണോ കേസെടുക്കുന്നതെന്നും പ്രതിഭ ചോദിച്ചു. 

എന്നാല്‍, വെറും രണ്ടുവാചകങ്ങളിലായിരുന്നു ഈ ചോദ്യത്തിന് മന്ത്രി എം.ബി.രാജേഷിന്റെ മറുപടി. തെറ്റായരീതിയിലോ പകപോക്കല്‍ എന്നരീതിയിലോ കേസെടുത്താല്‍ അത്തരംകാര്യങ്ങളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചാലക്കുടിയിലെ കേസൊക്കെ നമ്മള്‍ക്ക് അറിയാവുന്നതാണ് എന്നാണ് മന്ത്രി എം.എല്‍.എ.യ്ക്ക് മറുപടി നല്‍കിയത്.