
തിരുവനന്തപുരം : ഷൊർണൂരിന് സമീപം ട്രെയിൻ അപകടത്തിൽ മരിച്ച സേലം ജില്ലയിലെ ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കുടുംബങ്ങൾക്ക് സഹായധനം നൽകാനും അദ്ദേഹം ഉത്തരവിട്ടു. മരിച്ച നാലുപേരുടെയും കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപ വീതം നൽകാനാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉത്തരവ്.
അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ചിരിക്കുകയാണ് അദ്ദേഹം. ദുരന്തം ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് ഭാരതപ്പുഴയ്ക്ക് കുറുകെ ഷൊർണൂരിലെ റെയിൽവേ പാലത്തിൽ ശുചീകരണജോലി നടത്തുകയായിരുന്ന ദമ്പതിമാരുൾപ്പെടെയുള്ള നാലുപേരിൽ മൂന്നുപേർ തീവണ്ടിയിടിച്ച് തത്ക്ഷണം മരിച്ചത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സേലം അയോധ്യപട്ടണം, പുത്തൂർ വില്ലേജ്, അടിമലൈ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അടിമലൈ റാണി (45) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന റാണിയുടെ ഭർത്താവ് ലക്ഷ്മണൻ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടി. ഇദ്ദേഹത്തിന്റെ മൃതദേഹം ഞായറാഴ്ച ലഭിച്ചു.
അപകടവിവരം തീവണ്ടിയിലെ ലോക്കോപൈലറ്റ് ഷൊർണൂർ ബി കാബിനിലെ സ്റ്റേഷൻമാസ്റ്ററെ അറിയിക്കുകയായിരുന്നു. ഷൊർണൂർ എ, ബി കാബിനുകൾക്കിടയ്ക്ക് രണ്ടുപേരെ തീവണ്ടിയിടിച്ചെന്നായിരുന്നു അറിയിപ്പ്. തുടർന്ന്, റെയിൽവേ സുരക്ഷാസേനയും റെയിൽവേ പോലീസും ഷൊർണൂർ പോലീസും നടത്തിയ പരിശോധനയിലാണ് ലക്ഷ്മണനെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീകളുടെ മൃതദേഹങ്ങൾ പാലത്തിന് താഴെയും കണ്ടെത്തി.
പാലത്തിൽ ശുചീകരണത്തിനും സുരക്ഷാപരിശോധനയ്ക്കുമെത്തുന്നവർക്ക് തീവണ്ടി വരുന്നതറിഞ്ഞാൽ മാറിനിൽക്കാൻ സൗകര്യമുണ്ട്. പക്ഷേ, ഇവരെത്തിയ ഭാഗത്ത് ഇതിനുള്ള സൗകര്യമില്ലായിരുന്നു. ഇവർ ആദ്യമായാണ് ഈ പ്രദേശത്ത് ശുചീകരണത്തിനെത്തിയത്. നാലുപേരും ഓടിമാറാൻ ശ്രമിച്ചിരുന്നതായും ഇവർക്കൊപ്പമുണ്ടായിരുന്ന ശക്‌തിവേൽ പറയുന്നു. സംഭവത്തെത്തുടർന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Content Highlights: Train Accident Near Shornur: Tamil Nadu CM Offers Condolences, Compensation
Published: 03 Nov 2024, 09:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented