ഒറ്റപ്പാലം: ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്കുള്ള പാസഞ്ചര്‍ തീവണ്ടിയുടെ സമയമാറ്റം ഗുണമായത് പാലക്കാട്ടുനിന്നും തൃശ്ശൂരില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക്. രാത്രി 8.15-ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ടിരുന്ന പാസഞ്ചര്‍ 7.10-ലേക്ക് മാറ്റിയതോടെ തൃശ്ശൂരില്‍നിന്നും പാലക്കാട്ടുനിന്നുമുള്ള തീവണ്ടികള്‍ക്ക് കണക്ഷന്‍വണ്ടിയായി ഉപയോഗിക്കാനാകും. കോവിഡ് കാലത്തിന് മുമ്പുവരെ നിലനിന്നിരുന്ന സൗകര്യമാണ് സമയമാറ്റത്തിലൂടെ തിരിച്ചുകിട്ടിയത്.

To advertise here,

രാത്രി 8.35-ന് ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്ക് മെമു സര്‍വീസ് തുടങ്ങിയതോടെയാണ് 8.15-നുണ്ടായിരുന്ന തീവണ്ടി 7.10-ലേക്കുമാറ്റിയത്. കോയമ്പത്തൂരില്‍നിന്ന് 4.25-ന് ഷൊര്‍ണൂര്‍ പാസഞ്ചറുണ്ട്. ഇത് 5.55-ന് പാലക്കാട്ടും 6.31-ന് ഒറ്റപ്പാലത്തുമെത്തും. 7.05-നാണ് ഷൊര്‍ണൂരിലെത്തുക. ഈ വണ്ടിയില്‍ വരുന്നവര്‍ക്ക് 7.10-ന്റെ പാസഞ്ചറില്‍ നിലമ്പൂര്‍പാതയിലേക്ക് യാത്രതുടരാം. തൃശ്ശൂരില്‍നിന്ന് 5.35-ന് പുറപ്പെടുന്ന തൃശ്ശൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 6.45-ന് ഷൊര്‍ണൂരിലെത്തും. അതിലെ യാത്രക്കാര്‍ക്കും 7.10-ന്റെ പാസഞ്ചറില്‍ കയറാം.

കോവിഡ് കാലത്തിനുമുന്‍പ് 7.20-ന് നിലമ്പൂരിലേക്ക് ഒരു പാസഞ്ചര്‍ ഉണ്ടായിരുന്നു. എന്നാല്‍, കോവിഡിനുശേഷം തീവണ്ടികളും സമയക്രമവും മാറി. വൈകീട്ട് ആറിനും 8.15-നും പാസഞ്ചറുകള്‍ ഓടിയതോടെ രണ്ടുജില്ലയില്‍നിന്നുള്ളവര്‍ക്കും കണക്ഷന്‍സൗകര്യം കുറവായിരുന്നു.