
നീലേശ്വരം: ഊമക്കത്തിന്റെ പേരിൽ ഉപജീവനം മുട്ടി വീട്ടമ്മ. ബിരിക്കുളം പ്ലാത്തടംതട്ടിലെ പി. ലക്ഷ്മിയുടെ പെട്ടിക്കടയാണ് പൊളിച്ചുമാറ്റണമെന്ന് റവന്യൂ അധികൃതർ നിർദേശം നൽകിയത്. വീടിനു മുന്നിലെ റോഡിന്റെ വക്കിലാണ് ഇവർ പെട്ടിക്കട നടത്തുന്നത്. രണ്ടാഴ്ച മുൻപ് പരപ്പ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി ‘നിങ്ങൾക്കെതിരായി ഊമക്കത്ത് കിട്ടിയെന്നും റവന്യൂ ഭൂമിയിൽ സ്ഥാപിച്ച പെട്ടിക്കട മാറ്റണ’മെന്നും ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകിട്ട് വീണ്ടുമെത്തി കടയുടെ സ്ഥലം അളന്നുതിട്ടപ്പെടുത്തി. വൈകാതെ കട പൊളിച്ച് മാറ്റണമെന്നാണ് ലക്ഷ്മിയോട് റവന്യൂ അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് ലക്ഷ്മിക്കുള്ളത്. ഇവരുടെ ഏക വരുമാനാശ്രയമാണ് ഈ പെട്ടിക്കട. അനിയനും കുടുംബത്തിനും ഒപ്പമാണ് ലക്ഷ്മിയും മക്കളും താമസിക്കുന്നത്. കട പൊളിച്ച് മാറ്റിയാൽ ഇവരുടെ വരുമാനമാണ് വഴിമുട്ടുന്നത്.
ഏപ്രിൽ 23-ന് രണ്ടുപേർ മദ്യപിച്ച് പെട്ടിക്കടയിലെത്തി ലക്ഷ്മിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതി പോലീസ് അന്വേഷിച്ച് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) കുറ്റപത്രം സമർപ്പിച്ചു. ഇത് കോടതിയുടെ പരിഗണനയിലാണ്. തുടർന്നും ഇവരിൽ നിന്നും ശല്യമുണ്ടായതായും അവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ പെട്ടിക്കട നടത്താൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ലക്ഷ്മി പറയുന്നു.
തൊട്ടടുത്ത് ഇതുപോലെ പെട്ടിക്കട നടത്തുന്നവർ വെറെ ഉണ്ടെങ്കിലും അതൊന്നും റവന്യൂ ഉദ്യോഗസ്ഥർക്ക് പ്രശ്നമല്ല. ഊമക്കത്ത് കിട്ടിയത് ലക്ഷ്മിയുടെ പെട്ടിക്കയ്ക്ക് മാത്രമാണ് എന്നാണ് ഇവരുടെ വാദം. ഇതിന്റെ പേരിലാണ് നടപടി.
പരപ്പ വില്ലേജ് ഓഫീസർ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നെന്നും നിലവിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വെള്ളരിക്കുണ്ട് തഹസിൽദാർ അറിയിച്ചു. റവന്യൂ ഭൂമി കൈയേറിയാണ് പെട്ടിക്കട നടത്തുന്നതെന്ന് ഊമക്കത്ത് ലഭിച്ചിരുന്നുവെന്നും ഇതിന്റെ പേരിലാണ് നടപടിയെന്നും പരപ്പ വില്ലേജ് ഓഫീസറും പറഞ്ഞു.
Content Highlights: shop in revenue land housewife losses livelihood over a letter
Published: 07 Jun 2025, 06:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented