പാല: കത്തോലിക്ക സഭയ്ക്കും അതിന്റെ മുഖപത്രമായ ദീപിക പത്രത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജ്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ദീപിക പത്രത്തിലൂടെ പറഞ്ഞു. സഭയുടെ നിലപാട് ഇതാണെങ്കിൽ തങ്ങൾക്കും സഭയെ വേണ്ടെന്ന് വെക്കേണ്ടി വരും. സഭയ്ക്കുവേണ്ടി വാദിക്കുന്ന തന്നോട് സഭയിൽനിന്ന് എന്ത് ലഭിച്ചുവെന്ന് അമിത് ഷാ ചോദിച്ചാൽ എന്ത് മറുപടിയാണ് താൻ പറയേണ്ടതെന്നും ഷോൺ ജോർജ് ചോദിച്ചു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷോൺ ജോർജ് സഭയ്‌ക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്.
ദീപിക പത്രം കെ.സി. വേണുഗോപാലിനും ജോസ് കെ. മാണിക്കും വേണ്ടി വിടുപണി ചെയ്യുകയാണെന്നും, തിരഞ്ഞെടുപ്പ് കാലത്ത് പത്രം രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും ഷോൺ ജോർജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ദീപികയിൽ വരുന്ന ലേഖനങ്ങൾ സഭകളുടെ ഔദ്യോഗിക അഭിപ്രായമായി കാണുന്നില്ല. പിതാക്കന്മാരുടെ ലേബലിൽ ചില വ്യക്തികൾ യുഡിഎഫിന് വേണ്ടിയും മറ്റ് വ്യക്തികൾക്ക് വേണ്ടിയും പ്രവർത്തിക്കുകയാണെന്നും, ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാൻ സഭയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു
'സഭാ വോട്ടുകൾ എന്ന് പറയുന്നത് ദീപിക പത്രത്തിന്റെ മുഖപ്രസംഗം കണ്ട് വോട്ട് ചെയ്യുന്നവരല്ല. എങ്ങനേയും ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഇന്നലെയും ദീപിക പറഞ്ഞു. സഭാ മുഖപത്രമെന്ന് പറയുകയും ചില വ്യക്തികളുടെ താത്പര്യം സംരക്ഷിക്കുകയും ചെയ്യുന്നു. സഭയുടേതാണ് ഈ നിലപാടെങ്കിൽ ഞങ്ങൾക്കും നിലപാട് മാറ്റേണ്ടി വരും.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സഭയുടെ എല്ലാ പ്രതിസന്ധിയിലും കൂടെ നിന്നത് ഷോൺ ജോർജും ബിജെപിയും അമിത് ഷായുമൊക്കെയാണ്. മറ്റുള്ള പാർട്ടിക്കാരാരും ഉണ്ടായിരുന്നില്ല. സഭയ്ക്ക് എന്തു ഗുണമാണ് കോൺഗ്രസിനേയും സിപിഎമ്മിനേയും കൊണ്ടു ഉണ്ടായത്.
എഫ്‌സിആർഎ ഉൾപ്പടെയുള്ള ബില്ല് മാറ്റിവെച്ചത് ഞങ്ങളുടെ സമ്മർദ്ദ ഫലമാണ്. ഞങ്ങളെ സഭ വേണ്ട എന്ന് തീരുമാനിച്ചാൽ സ്വാഭാവികമായും ഞങ്ങൾക്കും സഭയെവേണ്ട എന്ന് തീരുമാനിക്കേണ്ടി വരില്ലേ. സഭയ്ക്ക് വേണ്ടി നിലക്കൊള്ളുന്ന എന്നെ പോലുള്ളവരെ ഉപദ്രവിക്കാൻ ഇതിനകത്തുള്ള ആളുകൾ നിന്നാൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്. സഭയ്ക്കുവേണ്ടി ഞങ്ങൾ വാദിക്കുമ്പോൾ തിരിച്ച് എന്ത് ലഭിച്ചുവെന്ന് ബിജെപി നേതൃത്വം ചോദിച്ചാൽ എന്ത് മറുപടി പറയും. ഇന്നലത്തെ ദീപിക പത്രത്തിന്റെ ഫ്രണ്ട്‌പേജ് വെച്ച് അമിത് ഷാ ജി ചോദിച്ചാൽ ഞാൻ എന്ത് മറുപടി പറയും. ഇതാണോ സഭ. നിങ്ങൾ പറഞ്ഞിട്ട് എഫ്‌സിആർഎ ഉൾപ്പടെ മാറ്റിവെച്ചിട്ട് സഭയുടെ മുഖപത്രം ഇങ്ങനെയാണോല്ലോ പറയുന്നതെന്ന് അമിത് ഷാ ചോദിച്ചാൽ ഞാൻ എന്ത് മറുപടിയാണ് പപറയേണ്ടത്' ഷോൺ പറഞ്ഞു.
ഇതിനിടെ പാലായിൽ വിജയമുറപ്പാണെന്ന് അവകാശപ്പെട്ട് എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾ രംഗത്തെത്തി. ആറായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ അവകാശപ്പെട്ടു. ജയം ഉറപ്പാണെന്നും പോളിങ് ശതമാനത്തിലെ വർധന എൽഡിഎഫിന് അനുകൂലമാണെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.
Content Highlights: Shone George condemns Deepika newspaper's anti-BJP stance for the 2026 election., Claims BJP and Amit Shah supported the Church during recent crises
Published: 10 Apr 2026, 02:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented