കൊച്ചി: പോലീസ് പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് ഹോട്ടലില്‍നിന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ ചാടി കടന്നു കളഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. പോലീസിന്റെ ഡാന്‍സാഫ് സംഘം ഷൈനിനെ തേടിയല്ല ഹോട്ടലില്‍ പോയതെന്നും മറ്റൊരു ലഹരി കച്ചവടക്കാരനെ തേടിയാണെന്നും നാര്‍ക്കോട്ടിക്‌സ് എസിപി അബ്ദുള്‍ സലാം പറഞ്ഞു.

To advertise here,

'ഷൈനിനെ തേടിയല്ല പോലീസ് അവിടെ എത്തിയത്. ഈ സമയം ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തിട്ടുണ്ടെന്ന് യാശ്ചികമായി അറിഞ്ഞു. അപ്പോള്‍ റൂം പരിശോധിച്ചു. ഷൈന്‍ ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല. റൂം പരിശോധിച്ചപ്പോള്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. ചോദ്യം ചെയ്താലെ എന്തുകൊണ്ടാണ് ഓടിപ്പോയതെന്ന് വ്യക്തമാകൂ' എസിപി പറഞ്ഞു.

ഷൈനിനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. തുടര്‍നടപടികള്‍ പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ചെടുക്കും. വിന്‍സിയുടെ മൊഴിയെടുക്കേണ്ട കാര്യമില്ലെന്നും എസിപി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ചോദ്യം ചെയ്യലിനായി ഷൈനിന് നോട്ടീസ് അയക്കാനും കൊച്ചി പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കൊച്ചി സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്നാണ് ഷൈന്‍ ചാടി കടന്നുകളഞ്ഞത്. നോര്‍ത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിലെ മുറിയുടെ ജനല്‍ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയില്‍ പോര്‍ച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ചാടുകയായിരുന്നു. ഇവിടെനിന്ന് സ്റ്റെയര്‍കെയ്‌സ് വഴി ഹോട്ടല്‍ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തൊപ്പിവെച്ചായിരുന്നു പുറത്തേക്ക് ഓടിയത്. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഹോട്ടലില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും വില്‍പ്പനക്കാരനായ ഒരാള്‍ താമസിക്കുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ബുധനാഴ്ച രാത്രി 10.40-ഓടെ പോലീസ് സംഘം ഹോട്ടലിലെത്തിയത്. ഷൈനിന്റെ പേരിലെടുത്ത മുറിയുടെ ബെല്‍ അടിച്ചപ്പോള്‍ തുറന്നത് മേക്കപ്പ്മാനായ മുര്‍ഷിദാണ്. അനന്തകൃഷ്ണന്‍ എന്നൊരാളും മുറിയിലുണ്ടായിരുന്നു. ഷൈന്‍ ഉണ്ടായിരുന്നുവെന്ന് ഇവര്‍ സമ്മതിച്ചു. 

ഡോര്‍ ലെന്‍സിലൂടെയാണ് പോലീസിന്റെ സാന്നിധ്യം ഷൈന്‍ മനസ്സിലാക്കിയതെന്ന് പോലീസ് പറയുന്നു.