കൊച്ചി : ഷൈൻ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് വൈകും. കൂടിയാലോചനയ്ക്ക് ശേഷമാകും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ എന്നു വേണമെന്ന് തീരുമാനമാകുക. നിലവിലെ മൊഴി വിശദമായി പരിശോധിക്കും. തിങ്കളാഴ്ച കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമാകും തുടർനടപടികൾ എന്ത് വേണമെന്ന് തീരുമാനിക്കുക.

To advertise here,

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22ന് ഹാജരാകാൻ ഷൈനിന് നിർദേശം നൽകിയിരുന്നു. എന്നാൽ 22ന് തനിക്ക് അസൗകര്യം ഉണ്ടെന്നും 21ന് ഹാജരാകാമെന്നും ഷൈൻ അറിയിക്കുകയും പോലീസ് സമ്മതിക്കുകയും ചെയ്തു. പിന്നീടാണ് ഷൈൻ ഇപ്പോൾ ഹാജരാകേണ്ടെന്ന് പോലീസ് അറിയിച്ചത്. ഈ സംഭവങ്ങൾ നടന്ന സമയത്ത് കമ്മീഷണർ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം തിരിച്ചെത്തിയ ശേഷം നടക്കുന്ന കൂടിയാലോചനകൾക്കും മൊഴികളിലെ വിശദ പരിശോധനയ്ക്കും ശേഷമാകും ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമാവുക. 

കഴിഞ്ഞ ദിവസം നടത്തിയ പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ലഹരി ഉപയോഗിച്ചതായി ഷൈൻ ടോം ചാക്കോ സമ്മതിച്ചിരുന്നു. പിന്നാലെ നടനെ  വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.  വൈദ്യപരിശോധനയിൽ ലഹരി കണ്ടെത്താതിരിക്കാനുള്ള മറുമരുന്ന് അഥവാ ആന്റിഡോട്ടുകൾ ഇയാൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം. അങ്ങനെയെങ്കിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്താൻ പ്രയാസമായിരിക്കും.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ ശനിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരായ ഷൈനിനെ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ശേഷം ആൾ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഷൈനിനെതിരേ നർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ (എൻഡിപിഎസ്) 27, 29 വകുപ്പുകൾ പ്രകാരവും ബിഎൻഎസ് 238 വകുപ്പ് പ്രകാരവുമാണ് കേസ്. 

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പോലീസ് പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഷൈൻ സിനിമ സ്‌റ്റൈലിൽ ചാടി ഓടി രക്ഷപ്പെട്ടത്. ഇതേത്തുടർന്നാണ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ച് പോലീസ് ഷൈനിന് നോട്ടീസയച്ചത്. എന്നാൽ, 48 മണിക്കൂറിന് ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായ ഷൈൻ കേസ് രജിസ്റ്റർ ചെയ്യുമെന്നോ അറസ്റ്റുണ്ടാകുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. 

ചോദ്യംചെയ്യലിൽ സിനിമാ മേഖലയിൽ വ്യാപകമായ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നാണ് ഷൈൻ പോലീസിന് നൽകിയ മൊഴി. പ്രമുഖരായ പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പഴിമുഴുവൻ തനിക്കും മറ്റൊരു നടനും മാത്രമാണെന്നാണ് ഷൈൻ പോലീസിന് നൽകിയ മൊഴി. 

അതേസമയം, ഷൈനിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള തുകകൾ വ്യക്തികൾക്ക് കൈമാറിയ ഇടപാടുകളാണ് പോലീസ് സംശയിക്കുന്നത്. ഇത് ഓരോ വ്യക്തികൾക്കായി അയച്ചിട്ടുള്ള പണമാണ്. ഏതെങ്കിലും കടകളിലോ മറ്റ് ആവശ്യങ്ങൾക്കോ നൽകിയതല്ലെന്ന സംശയത്തിലാണ് പോലീസ്. ഈ ഇടപാടുകൾ ലഹരിക്കു വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, താൻ പലർക്കും കടം കൊടുക്കാറുണ്ടെന്നും അത്തരത്തിൽ കടം കൊടുത്ത പണമാണിതെന്നുമാണ് ഷൈനിന്റെ വിശദീകരണം.