വടകര: പേരാമ്പ്രയിൽ ലാത്തിച്ചാർജ് നടന്നിട്ടില്ലെന്നും ചില പോലീസുകാർ മനഃപൂർവം കുഴപ്പമുണ്ടാക്കിയതാണെന്നുമുള്ള എസ്‌പിയുടെ വെളിപ്പെടുത്തൽ പോലീസിന് കൂടുതൽ കുരുക്കാകും. ലാത്തിച്ചാർജിന് നിർദേശമില്ലായിരുന്നുവെന്ന് പോലീസ് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. പിന്നെ എന്തിനാണ് പോലീസുകാരൻ ഷാഫി പറമ്പിൽ എംപിയുടെ തലയ്ക്ക് അടിച്ചതെന്നാണ് ഉയരുന്ന ചോദ്യം. ആസൂത്രിതമായ അക്രമമാണ് ഉണ്ടായതെന്ന കോൺഗ്രസ് ആരോപണത്തിന് ഇത് ബലംപകരുന്നുണ്ട്.
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് എംപി ലോക്‌സഭാ സ്പീക്കറെ സമീപിച്ച സാഹചര്യത്തിൽ പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണത്തിന് സാധ്യതയേറെയാണ്. എംപിയെ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യവും ഇത് ശരിവെക്കുന്ന എസ്‌പിയുടെ പരാമർശവും ഉൾപ്പെടെ കമ്മിറ്റിക്കുമുൻപാകെ തെളിവാകും. ഞായറാഴ്ച രാവിലെ ഷാഫി ലോക്‌സഭാ സ്പീക്കർക്ക് പരാതിനൽകിയിരുന്നെങ്കിലും എസ്‌പിയുടെ പ്രസംഗം പുറത്തുവന്നശേഷം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച വീണ്ടും പരാതിനൽകി.
പൊതുസ്ഥലത്ത് പോലീസിന്റെ മർദനമേൽക്കുക വഴി എംപിയെന്നനിലയിലുള്ള അവകാശം ഹനിക്കപ്പെട്ടിട്ടുണ്ടെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ലാത്തിച്ചാർജുള്ള സമയത്ത് എംപി അവിടെയെത്തിയപ്പോഴാണ് സംഭവമെങ്കിൽ ലാത്തിച്ചാർജിൽ അറിയാതെ അടിയേറ്റെന്ന് പറയാമായിരുന്നു. എന്നാൽ, എസ്‌പി ഉൾപ്പെടെയുള്ളവർ ലാത്തിച്ചാർജ് നടന്നിട്ടില്ലെന്ന് ഉറപ്പിച്ചുപറയുന്ന സാഹചര്യത്തിൽ മർദനകാരണം പോലീസ് വിശദീകരിക്കേണ്ടിവരും.
പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ അടിച്ച പോലീസുകാരൻമുതൽ എസ്‌പിവരെയുള്ളവർ നടപടിനേരിടേണ്ടിവരും. ഇത് കണക്കിലെടുത്ത് പെട്ടെന്നുതന്നെ എംപിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്. അടിച്ചതാരാണെന്ന് എഐ ടൂൾ ഉപയോഗിച്ച് കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് എസ്‌പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇതുവരെയുള്ള പരിശോധനയിൽ ആരാണ് അടിച്ചതെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.
അതേസമയം സംഘർഷസ്ഥലത്തെ നടപടിയുടെപേരിൽ പോലീസുകാരെ ബലിയാടാക്കരുതെന്ന അഭിപ്രായം സേനയ്ക്കുള്ളിലുണ്ട്. എസ്‌പിയുടെ വെളിപ്പെടുത്തലിലും ഒരുവിഭാഗത്തിന് കടുത്ത അമർഷമുണ്ട്. യുഡിഎഫിന് ആയുധം നൽകിയതുപോലെയാണ് എസിപിയുടെ പ്രസംഗമെന്ന വിലയിരുത്തലിലാണ് സിപിഎമ്മും. ഇതോടെ എസ്‌പിക്കെതിരേയും പടയൊരുക്കം നടക്കുന്നുണ്ട്.
എന്താണ് നടന്നതെന്ന് മനസ്സിലാക്കുന്നതിൽ വീഴ്ച
പേരാമ്പ്രയിൽ എംപിക്കുനേരേ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിൽ പോലീസിന് തുടക്കംമുതൽ വീഴ്ച. നാലുദിവസമായിട്ടും ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ പോലീസിന് സാധിച്ചിട്ടില്ലെന്നു മാത്രമല്ല, സ്‌ഫോടകവസ്തു എറിഞ്ഞുവെന്നതുൾപ്പെടെയുള്ള പുതിയ പ്രചാരണങ്ങളും നടക്കുന്നു. ഇതിലും പോലീസിന് മറുപടിയില്ല.
തുടക്കത്തിലും ഇപ്പോഴും പോലീസ് ഉറച്ചുനിൽക്കുന്നത് ഒറ്റക്കാര്യത്തിലാണ്. നടപടിക്രമപ്രകാരമുള്ള ലാത്തിച്ചാർജ് നടന്നിട്ടില്ല. യുഡിഎഫുകാർ പോലീസിനുനേരേ സ്‌ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണം ഞായറാഴ്ച എൽഡിഎഫ് ഉയർത്തുന്നുണ്ട്. ഒരു ദൃശ്യവും ഇതിന്റെ ഭാഗമായി പ്രചരിക്കുന്നു. എന്നാൽ, സംഭവദിവസം പോലീസും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് പറയുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. അന്ന് രജിസ്റ്റർചെയ്ത എഫ്‌ഐആറിൽ പറയുന്നത് കല്ലെറിഞ്ഞ് പോലീസുകാരെ പരിക്കേൽപ്പിച്ചുവെന്നാണ്.
ഷാഫി പറമ്പിൽ ആശുപത്രി വിട്ടു
കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധപ്രകടനത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി തിങ്കളാഴ്ച വൈകീട്ട് ആശുപത്രി വിട്ടു. ഒരാഴ്ചത്തെ പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അതിനാൽ, കോഴിക്കോട്ടുതന്നെ തുടരാനാണ് തീരുമാനം. വെള്ളിയാഴ്ചയാണ് പോലീസിന്റെ ലാത്തികൊണ്ടുള്ള അടിയേറ്റ് എംപിയുടെ മൂക്കിന് പരിക്കേറ്റത്.
Published: 14 Oct 2025, 06:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented