കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ നിയമനടപടിക്കില്ലെന്ന് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ്. തനിക്കെതിരെ വ്യാജവ്യാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിക്കുകയെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു.

To advertise here,

പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ അഭിലാഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതുപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്ന് അഭിലാഷ് പറഞ്ഞു.

ഒക്ടോബര്‍ 23-ാം തീയതി കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് അഭിലാഷ് ഡേവിഡ് ആണെന്ന് ഷാഫി പറഞ്ഞത്. സ്ഥലത്തുനിന്നുള്ള അഭിലാഷിന്റെ ചിത്രവും ഷാഫി അന്ന് പുറത്തുവിട്ടിരുന്നു. എന്നാല്‍ അന്ന് ഷാഫിക്ക് അടികിട്ടിയ സ്ഥലത്ത് താനുണ്ടായിരുന്നില്ലെന്നും ബസ് സ്റ്റാന്‍ഡിലായിരുന്നു അന്ന് തനിക്ക് ഡ്യൂട്ടിയെന്നുമായിരുന്നു അഭിലാഷിന്റെ പ്രതികരണം. പിന്നാലെ ഷാഫിയുടെ വെളിപ്പെടുത്തലിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ അഭിലാഷ് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ നിലപാടില്‍നിന്ന് അഭിലാഷ് പിന്നാക്കം പോവുകയാണ്.