
പരിക്കേറ്റ ഷാഫി പറമ്പില്‍, ഷാഫിക്ക് ലാത്തിയടിയേല്‍ക്കുന്ന ദൃശ്യത്തില്‍നിന്ന്, കെഇ ബൈജു | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് ഉള്‍പ്പെടെ പോലീസുകാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജു. പേരാമ്പ്രയിലെ സംഭവത്തില്‍ പോലീസുകാരില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എംപിയെ പിറകില്‍നിന്ന് ലാത്തി കൊണ്ടടിച്ചെന്നും എന്നാല്‍, പേരാമ്പ്രയില്‍ ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും എസ്പി വ്യക്തമാക്കി. വടകരയില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു റൂറല്‍ എസ്പിയുടെ പ്രതികരണം.
''ലാത്തിച്ചാര്‍ജ് ഞങ്ങള്‍ പോലീസ് ചെയ്തിട്ടില്ല. ലാത്തിച്ചാര്‍ജ് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരുകമാന്‍ഡ് ചെയ്യും, വിസിലടിക്കും, അടിച്ചോടിക്കും. അങ്ങനെയൊരു ആക്ഷന്‍ നടന്നിട്ടില്ല. പക്ഷേ, ഞങ്ങളുടെ ഉള്ളിലെ ചില ആളുകള്‍ മനഃപൂര്‍വം അവിടെ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ പിന്നീട് മനസിലാക്കി. ഞങ്ങളിപ്പോള്‍ എഐ ടൂള്‍ ഒക്കെ ഉപയോഗിച്ച് അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എംപിയെ പോലീസുകാര്‍ പിറകില്‍കൂടെ ലാത്തി കൊണ്ട് ഇങ്ങനെ... അതിനുമുമ്പ് എല്ലാ വിഷ്വല്‍സും നോക്കിയിട്ടാണ് ഞാന്‍ പറഞ്ഞത് ലാത്തിച്ചാര്‍ജ് ഞങ്ങള്‍ ചെയ്തിട്ടില്ലെന്ന്. ഇപ്പോഴും ആ സ്റ്റാന്‍ഡാണ്. ലാത്തിച്ചാര്‍ജ് ചെയ്തിട്ടില്ല'', റൂറല്‍ എസ്പി പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് പേരാമ്പ്ര ടൗണില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്. എംപിയുടെ മൂക്കിന്റെ എല്ലുകള്‍ക്ക് പൊട്ടലുണ്ടായി. അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. എംപിക്ക് പുറമേ പത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും എട്ട് പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത് ലാത്തിച്ചാര്‍ജിനിടെയല്ലെന്നാണ് റൂറല്‍ എസ്പി കെ.ഇ. ബൈജു പറഞ്ഞിരുന്നത്. എന്നാല്‍, റൂറല്‍ എസ്പി ഇക്കാര്യം പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഷാഫി പറമ്പിലിന് പോലീസിന്റെ ലാത്തിയടിയേല്‍ക്കുന്ന ദൃശ്യം പുറത്തുവന്നു.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടാവുന്നതും മുന്‍നിരയിലുണ്ടായിരുന്ന എംപിക്ക് ഒന്നിലധികംതവണ അടിയേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൈകൊണ്ട് അടി തടയാന്‍ ഷാഫി ശ്രമിക്കുന്നതും വേദനകൊണ്ട് തലയില്‍ കൈവെക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ഷാഫിയുടെ തലയ്ക്കുനേരേയാണ് ലാത്തികൊണ്ടുള്ള അടിവരുന്നത്. പുറകോട്ടുമാറിയതോടെയാണ് മൂക്കിന് അടിയേറ്റതെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. ഒരു പോലീസുകാരന്‍ പുറകില്‍നിന്ന് മുന്‍പോട്ടുവന്ന് ലാത്തികൊണ്ട് അടിക്കുന്നതാണ് കാണാന്‍കഴിയുന്നത്. ഏറ്റവും മുന്നിലായതിനാല്‍ ഷാഫി പറമ്പിലിനെ പോലീസുകാര്‍ക്ക് വ്യക്തമായി കാണാനാകുമെന്നും ദൃശ്യങ്ങളില്‍നിന്ന് മനസിലാക്കാം. ഇതിനുപിന്നാലെയാണ് പേരാമ്പ്രയിലെ സംഭവത്തില്‍ റൂറല്‍ എസ്പി തന്നെ വീഴ്ച സമ്മതിച്ചിരിക്കുന്നത്. അതേസമയം, ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്ന തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയുംചെയ്തു.
Content Highlights: Kozhikode Rural SP admits lapse after MP Shafi Parambil was injured by a lathi during a protest. Investigation underway to identify officers who intentionally caused trouble.
Published: 12 Oct 2025, 05:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented