പത്തനംതിട്ട: യുഡിഎഫ് സർക്കാരിന്റെ കാലത്ത് താൻ നേരിട്ട പോലീസ് അതിക്രമം വിവരിച്ച് എസ്എഫ്ഐ മുൻ ഭാരവാഹി. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ആണ് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായിരുന്ന മധു ബാബുവിനെതിരേ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ  ആരോപണം ഉന്നയിച്ചത്.

To advertise here,

2012 ഒക്ടോബർ മാസം 12-ാം തീയതി നടന്ന സംഭവത്തെ കുറിച്ചാണ് ജയകൃഷ്ണൻ കുറിച്ചത്. കോന്നി സിഐ ആയിരുന്ന കാലത്ത് മധു ബാബു തന്നെ മർദിച്ചുവെന്നാണ് ആരോപണം. കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു. ചെവിയുടെ ഡയഫ്രം അടിച്ചു പൊട്ടിച്ചുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ജയകൃഷ്ണൻ ആരോപിച്ചു.

എംജി യൂണിവേഴ്സിറ്റി കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു. ഇതിനിടെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് മർദിക്കുകയായിരുന്നുവെന്നാണ് ജയകൃഷ്ണൻ പറയുന്നത്. നിരവധി കേസുകളിൽ ജയകൃഷ്ണനെ പ്രതിയാക്കപ്പെടുകയും മൂന്നരമാസത്തോളം തടവിൽ കഴിയുകയും ചെയ്തിരുന്നു. വിഷയത്തിൽ പിന്നീട് ജയകൃഷ്ണൻ നൽകിയ പരാതിയിൽ മധു ബാബുവിനെതിരേ അന്വേഷണം നടക്കുകയും അച്ചടക്ക നടപടിയെടുക്കണമെന്ന റിപ്പോർട്ട് വരികയും ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലായില്ല. ഇതു ചൂണ്ടിക്കാട്ടി ജയകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം:

മർദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസർമാർ ഇപ്പോഴും കേരള പോലീസ് സേനയിലെ തലപ്പത്ത് മാന്യൻമാർ ചമഞ്ഞ് നടക്കുന്നു. അല്പം പഴയൊരു കഥ പറയട്ടെ. ഞാൻ എസ്എഫ്ഐ ഭാരവാഹി ആയിരിക്കുമ്പോഴാണ് (യുഡിഎഫ് ഭരണകാലത്ത് )അന്നത്തെ കോന്നി സിഐ മധുബാബു എന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത്‌ പറഞ്ഞാൽ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും.

കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്‌തതടക്കം പറഞ്ഞാൽ 10 പേജിൽ അധികം വരും. എന്റെ പാർട്ടിയുടെ സംരക്ഷണമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം. 6 മാസം ഞാൻ മെഡിക്കൽ കോളേജിൽ ചികിത്സതേടി. അന്നത്തെ ഭരണകൂടം എന്നെ മൂന്ന് മാസത്തിലധികം ജയിലിലടച്ചു. ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകൾ എടുത്തത്. എടുത്ത കേസുകൾ എല്ലാം ഇന്ന് വെറുതെ വിട്ടു. ഞാൻ അന്നുമുതൽ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ. കഴിഞ്ഞ 14 വർഷമായി കേസ് നടത്തുന്നു. അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കർ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധു ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. പോലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

എന്നാൽ ആ റിപ്പോർട്ട്‌ ഇതുവരെ നടപ്പിലാക്കിയില്ല. നിരവധി കേസുകളിൽ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് കളയേണ്ടിയിരുന്നു. എന്നാൽ മധു ബാബു ഇന്നും പോലീസ് സേനയിൽ ശക്തമായി തന്നെ തുടർന്നുപോകുന്നു. ഇനി പരാതി പറയാൻ ആളില്ല. എന്തുകൊണ്ടാണ് ഈ റിപ്പോർട്ട്‌ നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നിൽ? എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം.

ഞാൻ പോലീസ് ക്രിമിനൽസിനെതിരായ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. ഇനി ഹൈക്കോടതിയിൽ കേസ് നടത്താനുള്ള തയാറെടുപ്പിലാണ്. മരണം വരെയും പോരാടും. കാശു തന്നാൽ എല്ലാവരെയും വിലക്ക് എടുക്കാൻ കഴിയില്ലെന്ന് ഈ ക്രിമിനൽ പോലീസുകാർ അറിയണം.