മാട്ടൂൽ: മാട്ടൂൽ അഴീക്കലിൽ റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിലെ യാത്ര ഭീതിയോടെ. ബോട്ടിന്റെ കാലപ്പഴക്കമാണ് ഇതിനുകാരണം. അഴീക്കോട്-മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ബോട്ട് സർവീസ്. യാത്രക്കാർ കയറുന്നതിനും ഇറങ്ങുന്നതിനുമായി ഉപയോഗിക്കുന്ന പടി വരെ പലഭാഗത്തും പൊട്ടിയനിലയിലാണ്. ബോട്ടടുപ്പിക്കുന്ന മാട്ടൂൽ ബോട്ടുജെട്ടിയിൽ തുടക്കത്തിൽ തെങ്ങിൻ കുറ്റികൾ ജെട്ടിയോട് ചേർത്ത് കുഴിച്ചിട്ടിരുന്നുവെങ്കിലും ഇപ്പോൾ ഒന്നും നിലവിലില്ല. ഇതുകാരണം ബോട്ട് ജെട്ടിയിൽ അടുപ്പിക്കുമ്പോൾ ബോട്ടിനും ജെട്ടിക്കും ഒരുപോലെ ദോഷമുണ്ടാക്കുന്നരീതിയിലാണ് അടുപ്പിക്കാനാകുന്നത്. ജീവനക്കാർക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻപറ്റാത്ത അവസ്ഥയാണ്.

To advertise here,

ബോട്ടിന്‍റെ പാർശ്വഭാഗത്തുള്ള ഇരുമ്പുപട്ട ഇളകിപ്പോയനിലയിലാണ്. തെങ്ങിൻ കുറ്റികൾ ബോട്ടടുപ്പിക്കുന്ന വേളയിൽ ബോട്ടിന് വലിയ ദോഷം ഉണ്ടാക്കാറില്ല. ഇപ്പോൾ ജെട്ടിയിൽ ബോട്ടടുപ്പിക്കുന്ന ഭാഗത്ത് ടയർ തൂക്കിയിട്ടിട്ടുണ്ടെങ്കിലും ബോട്ടും ജെട്ടിയും തമ്മിൽ ഉരയുന്നതുകാരണം പലപ്പോഴും ജെട്ടിയുടെ പുഴയുടെ ഭാഗത്ത് പാകിയ ടൈലുകൾ ഓരോന്നോയി ഇളകിപ്പോകുകയും പാർശ്വഭാഗംതന്നെ ഉരയുന്ന അവസ്ഥയുമാണ്‌.

പഴയ ബോട്ടുകൂടിയാകുമ്പോൾ ഇത്തരം നിരന്തരമായ ഉരസൽ ബോട്ടിന് വലിയ നാശവുമുണ്ടാക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടിനെ ഒഴിവാക്കി പുതിയ ബോട്ട് ഓടിക്കാൻ തയ്യാറാകണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. എന്നാൽ ബോട്ടടുപ്പിക്കുമ്പോൾ ബോട്ടിനും ജെട്ടിക്കും വലിയ അപകടാസ്ഥയുണ്ടാക്കാത്ത വിധം അടുപ്പിക്കാനാവശ്യമായ മറ്റ് സൗകര്യംകൂടി ചെയ്തുകൊടുത്താൽ മാത്രമേ ഇതിന് ശാശ്വത പരിഹാരമാകൂ.

അടുത്തുതന്നെ പഴയകിയ ബോട്ടിന് പകരം പുതിയത് ഓടിക്കുമെന്നാണ് വിവരം. മാട്ടൂൽ-അഴീക്കൽ ബോട്ട് സർവീസിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ചെറിയ തുകയിൽ എളുപ്പത്തിലുള്ള യാത്ര ആയതോടെ നാട്ടുകാർക്ക് വലിയ ഉപകാരമാണ്‌. മാട്ടൂലിൽനിന്ന് അഴീക്കലിലേക്കും തിരിച്ചും അഞ്ചുമിനിറ്റുകൊണ്ട് എത്തും. റോഡുവഴിയാണെങ്കിൽ മുക്കാൽ മണിക്കൂറിലധികമെടുക്കും.

ടൂറിസം മേഖലയിൽ തന്നെ വൻ കുതിച്ചുചാട്ടത്തിന്‌ സാധ്യതയുള്ള പഞ്ചായത്താണ് മാട്ടൂൽ. ഇക്കാര്യംകൂടി പരിഗണിച്ച് പഴയ ബോട്ടിനുപകരം പുതിയത് എത്രയും പെട്ടെന്ന് ഓടിക്കുകയാണെന്നങ്കിൽ ആളുകൾക്ക് ഭയമില്ലാതെ യാത്രചെയ്യാനാകും.