അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ലോറിയുടെ ബമ്പർ കിട്ടിയതായി റിപ്പോർട്ട്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് അർജുന്റെ ലോറിയുടെ ബമ്പർ തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ബമ്പർ ലഭിച്ചിരിക്കുന്നത്. ബമ്പറിന് പുറമെ ഒരു ബാഗും കിട്ടിയിരുന്നു. എന്നാൽ, ബാഗ് അർജുന്റേതല്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
'നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകുവശത്തെ ബമ്പറാണ്. ആദ്യം മുതല്‍ അവിടെ തിരയാന്‍ പറഞ്ഞിരുന്നു. തിരയുന്നില്ലെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. കണ്ടെത്തിയ ഭാഗം തിരിച്ചറിയുന്നതിന് അധികൃതർ വിളിച്ചിട്ടുണ്ട്', മനാഫ് പറഞ്ഞു.
അതേസമയം, മുങ്ങൽവിദഗ്ധൻ ഈശ്വർ മൽപെ തിങ്കളാഴ്ച തിരച്ചിലിനില്ല. ജില്ലാഭരണകൂടവും പോലീസുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് അദ്ദേഹം മടങ്ങുകയായിരുന്നു. ഡ്രെഡ്ജർ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നതിനടുത്തായി ഇറങ്ങാൻ ശ്രമിച്ച മൽപെയെ അതിന് അനുവദിച്ചിരുന്നില്ല.
‘ഹീറോ ആവാൻ നോക്കേണ്ടെന്നാണ് പോലീസ് പറഞ്ഞത്. ഇനി ഷിരൂരിലേക്ക് തിരിച്ചുവരില്ല. അർജുന്റെ കുടുംബത്തിന് നൽകിയ വാക്ക് പാലിക്കാനാവാത്തതിനാൽ അമ്മയെ വിളിച്ച് ക്ഷമ ചോദിച്ചെ’ന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ സ്ഥലത്ത് തിരച്ചിലിനിറങ്ങുമ്പോൾ പോലീസ് അനുവദിക്കുന്നില്ല. കൂടുതൽ വണ്ടികൾ കണ്ടുപിടിക്കുന്നതാണോ പ്രശ്നമെന്നറിയില്ലെന്നും മൽപെ പറഞ്ഞു.
എന്നാൽ, മൽപെ മടങ്ങിയത് തിരച്ചിലിനെ ബാധിക്കില്ലെന്നായിരുന്നു കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിലിന്റെ വാദം. മൽപെയോട് മുങ്ങാൻ ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ കരാർ ഡ്രെഡ്ജിങ് കമ്പനിയുമായാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കലങ്ങുന്നതിനാലാണ് ഡ്രെഡ്ജിങ് നടക്കുന്നതിനുസമീപം മൽപെയെ ഇറങ്ങാൻ അനുവദിക്കാത്തതെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്‌നം.
പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.
Content Highlights: Search for Arjun, Bumper of lorry found from Shiroor
Published: 23 Sept 2024, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented