തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഗേറ്റ് തള്ളി തുറന്നെത്തിയ പ്രവർത്തകർ വസതിക്ക് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലായിരുന്നു പ്രതിഷേധം. തികച്ചും വ്യത്യസ്തമായി അതിരാവിലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. അപ്രതീക്ഷിതമായിരുന്നു പ്രതിഷേധം എന്നതിനാൽ രണ്ട് പോലീസുകാർ മാത്രമായിരുന്നു സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്. മന്ത്രിയോ ബന്ധുക്കളോ വസതിയിൽ ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
പോലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയിൽ അതിക്രമിച്ചു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമർശനം ഉയരുന്നുണ്ട്. കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ഒഴിപ്പിച്ചേക്കും. നിലവിൽ പ്രതിഷേധക്കാർ ഗേറ്റിന് വെളിയിലെത്തി മുദ്രാവാക്യം മുഴക്കുകയാണ്.
കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തരമായി രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് 'കാലന്റെ ആരോഗ്യ വകുപ്പായി' മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വകുപ്പിലെ ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയിലാണ് വകുപ്പെന്ന് തുറന്നു പറയുന്നുണ്ടെന്നും, നൂറുകണക്കിന് പിഴവുകൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ തേടുന്നു എന്ന് പറയുന്നതല്ലാതെ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറാകുന്നില്ല. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും, മന്ത്രിയുടെ അഹങ്കാരവും ധിക്കാരവും കലർന്ന നിലപാടുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Content Highlights: Youth Congress protests at Health Minister Veena George`s residence over scissors left in patient`s stomach during surgery at Vandanam Medical College.
Published: 21 Feb 2026, 08:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented