കട്ടിപ്പാറ: എയ്ഡഡ് സ്കൂളധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലുള്ള കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നി(30)യാണ് മരിച്ചത്. നിയമനാംഗീകാരം കിട്ടാത്തതിനാൽ ശമ്പളം കിട്ടിയിരുന്നില്ലെന്നും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നും ബന്ധുക്കൾ ആരോപിച്ചു.
രൂപതാ മാനേജ്‌മെന്റിന്റെതന്നെ നേതൃത്വത്തിലുള്ള കട്ടിപ്പാറ മൂത്തോറ്റിക്കൽ നസ്‌റത്ത് എൽ.പി. സ്കൂളിൽ മുൻപ് നാലുവർഷത്തോളം ജോലി ചെയ്തിരുന്നു. ദീർഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയിൽനിന്ന് രാജിവെച്ചുണ്ടായ ഒഴിവിൽ 2021-ൽ മാനേജ്‌മെന്റ് അലീനാ ബെന്നിയെ നിയമിച്ച് താമരശ്ശേരി എ.ഇ.ഒ.യിൽ അംഗീകാര അപേക്ഷ നൽകിയിരുന്നെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള സാങ്കേതികതടസ്സങ്ങളാൽ വിദ്യാഭ്യാസവകുപ്പിന്റെ നിയമനാംഗീകാരം ലഭിച്ചിരുന്നില്ല.
ദീർഘകാലമായി ശമ്പളം ലഭിക്കാതെ ജോലിചെയ്യേണ്ടിവന്നതിലുള്ള മനോവിഷമംകൊണ്ടാണ് മകൾ ആത്മഹത്യ ചെയ്തതെന്നും, നിയമനാംഗീകാരം നേടിയെടുക്കാൻ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ നടന്നില്ലെന്നും പിതാവ് ബെന്നി വളവനാനിക്കൽ പറഞ്ഞു.
ബുധനാഴ്ച പകൽ സ്കൂളിലെത്താതിരുന്ന അധ്യാപികയെ ഫോണിൽവിളിച്ച് കിട്ടാതെവന്നതോടെ പ്രധാനാധ്യാപകൻ വീട്ടുകാരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈകീട്ട് വീട്ടിലെ കിടപ്പുമുറിയിൽ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ അലീനയെ കണ്ടെത്തിയത്. അതേസമയം, ആത്മഹത്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ലെന്നും വ്യാഴാഴ്ച ഇൻക്വസ്റ്റിനുശേഷം അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്നും താമരശ്ശേരി പോലീസ് അറിയിച്ചു. അലീനയുടെ മരണത്തിൽ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മാനേജ്മെന്റിനെതിരേയുള്ള ആരോപണങ്ങൾ താമരശ്ശേരി രൂപത നിഷേധിച്ചു.
അവിവാഹിതയാണ് അലീന. സഹോദരങ്ങൾ: ഐശ്വര്യ ബെന്നി, ദർശനാ ബെന്നി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ.
Content Highlights: Aided school teacher found dead in Kozhikode, Family blames school for denying salary
Published: 20 Feb 2025, 06:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented