കോട്ടയം: കൂട്ടുകാർ നോക്കിനിൽക്കെ ആറാംക്ലാസുകാരി റോഡരികിലെ വെള്ളക്കെട്ടിൽ ഒലിച്ചു പോയി. കോട്ടയം പൂഞ്ഞാർ പനച്ചിപ്പാറയിലാണ് സംഭവം. വൈകിട്ട് നാല് മണിയോടെയായിരുന്നു സ്കൂൾ വിട്ടു വന്ന പെൺകുട്ടി റോഡിലെ വെള്ളക്കെട്ടിൽ കൂടി ഒലിച്ച് പോയത്. പനച്ചിപ്പാറ എസ്.എം.വി. സ്കൂളിന് മുൻ ഭാഗത്ത്‌ റോഡിൽ രൂപപ്പെട്ട വെള്ളപ്പൊക്കത്തിലായിരുന്നു സംഭവം. പൂഞ്ഞാർ എസ്.എം.വി. സ്കൂൾ ആറാം ക്ലാസ്സ്‌ വിദ്യാർഥി തണ്ണിപ്പാറ ചെറിയിടത്തിൽ സന്തോഷിന്റെ മകൾ കാവ്യാമോൾ എസ് ആണ് അപകടത്തിൽപെട്ടത്.

To advertise here,

സുഹൃത്തിനൊപ്പം നടന്നു പോകുന്നതിനിടെയായിരുന്നു അപകടം. അമ്പത് മീറ്ററോളം ഒഴുകിയ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളിൽ പതിക്കുന്നതിന് മുൻപ് കുട്ടിയെ രക്ഷപ്പെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. തീക്കോയി പള്ളിവാതിൽ പുതനപ്ര ജോൺസൺന്റെ വീടിന് മുന്നിലെ റോഡിലൂടെ വരുന്ന മഴവെള്ളപ്പാച്ചിലിൽ വിദ്യാർഥികൾ ഒഴുകുന്ന ക്യാമറ ദൃശ്യം പതിയുകയായിരുന്നു. മീനച്ചിലാറ്റിലേക്ക് കേവലം 25-മീറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്ന് തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങിയതിനാൽ വിദ്യാർഥിയെ രക്ഷിക്കാനായി. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ വീട്ടിലെത്തിച്ചു.

ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലയിൽ ഇടവിട്ടുള്ള മഴ ശക്തമായിരുന്നു. പലയിടത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.