തിരുവനന്തപുരം: വൈദ്യുതിബിൽ കുടിശ്ശികവരുത്തിയതു കാരണം വൈദ്യുതി വിച്ഛേദിക്കപ്പെട്ട പട്ടികവർഗ കുടുംബങ്ങളുടെ ബാധ്യത സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. മന്ത്രി ഒ.ആർ. കേളുവും പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.

To advertise here,

ഇത്തരം കണക്‌ഷനുകളിലെ 2025 സെപ്റ്റംബർ 30 വരെയുള്ള കുടിശ്ശികയാണ് ഏറ്റെടുക്കുന്നത്. ഈ വീടുകളിലെ വയറിങ് ക്രമീകരണങ്ങൾ പൂർത്തിയാക്കി 30-നകം അപേക്ഷ നൽകാൻ പട്ടികവർഗ വികസനവകുപ്പിനെ ചുമതലപ്പെടുത്തി. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വൈദ്യുതി പുനഃസ്ഥാപിക്കും.

ലൈൻവഴി വൈദ്യുതിയെത്തിക്കാൻ ശേഷിക്കുന്ന ഇടുക്കി ജില്ലയിലെ എട്ട് ആദിവാസി ഉന്നതികളിലെ വൈദ്യുതീകരണം ഉടൻ പൂർത്തിയാക്കാൻ തീരുമാനിച്ചു. ഇതിൽ ആണ്ടവൻകുടി, അമ്പലപ്പടിക്കുടി, കണ്ടത്തിക്കുടി എന്നിവിടങ്ങളിലെ വൈദ്യുതീകരണം ഫെബ്രുവരി 15-നുമുൻപ്‌ പൂർത്തിയാക്കും.

ശേഷിക്കുന്ന അഞ്ച് ഉന്നതികളിൽ 29 കിലോമീറ്റർ ഭൂഗർഭകേബിൾ ഇടണം. ഇത് ഫെബ്രുവരി 28-നുമുൻപ് പൂർത്തിയാക്കാനും നിർദേശം നൽകി.