കാഞ്ഞങ്ങാട്: തൃക്കരിപ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി സന്ദീപ് വാരിയരും കോൺഗ്രസ് നേതാവ് അഡ്വ. ബി.എം.ജമാലും കാഞ്ഞങ്ങാട്ടെ ഒരുവീട്ടിലിരുന്ന് നാമനിർദേശപത്രിക പൂർണമാക്കി വീണ്ടും താലൂക്ക് ഓഫീസിലെത്തിയപ്പോൾ സമയം 2.50. പത്രികാസമർപ്പണത്തിനുള്ള സമയം അവസാനദിവസമായ തിങ്കളാഴ്ച മൂന്നുമണിവരെ മാത്രമാണ്. മൂന്നേകാൽ മണിക്കൂർ ഇരുവരും അനുഭവിച്ചത് വലിയ മാനസികസമ്മർദം.

To advertise here,

രാവിലെ 11.20-നായിരുന്നു സന്ദീപ് വാരിയർ ഉപവരണാധികാരി ഹൊസ്ദുർഗ് തഹസിൽദാർ പി.കെ.പ്രേമാനന്ദ് മുൻപാകെ പത്രിക സമർപ്പിച്ചിരുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ക്കും ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസലിനുമൊപ്പമെത്തിയാണ് പത്രിക നൽകിയത്. സത്യവാങ്മൂലം തയ്യാറാക്കിനൽകേണ്ട മുദ്രപ്പത്രത്തിന്റെ വില കുറഞ്ഞത് ഉദ്യോഗസ്ഥർ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. 200 രൂപയുടെ മുദ്രപ്പത്രം വേണ്ടിടത്ത് 100 രൂപയുടേതാണുണ്ടായിരുന്നത്. കേന്ദ്ര വഖഫ് കൗൺസിൽ സെക്രട്ടറിയായിരുന്ന അഡ്വ. ബി.എം.ജമാലിനെ പെട്ടെന്ന് തന്നെ ഉണ്ണിത്താൻ വിളിച്ചുവരുത്തി. 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം മാറ്റി തയ്യാറാക്കി. നോട്ടറി അഭിഭാഷകൻ എം.ടി.പി.കരീം താലൂക്ക് ഓഫീസൽവച്ചു തന്നെ അദ്ദേഹത്തിന്റെ സീൽപതിച്ച് ഒപ്പുവച്ചു. ആ പ്രശ്‌നം തീർന്നപ്പോഴാണ്, പത്രിക തള്ളിപ്പോകാൻ പാകത്തിലുള്ള മറ്റു പല തെറ്റുകളും സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ഉടൻ സന്ദീപ് വാരിയരെയും കൂട്ടി ജമാൽ കാഞ്ഞങ്ങാട്ടെ ഒരു വീട്ടിലെത്തി പുതിയ പത്രിക തയ്യാറാക്കി.

കാഞ്ഞങ്ങാട്ടെ യു.ഡി.എഫ്. കൺവെൻഷനിൽ പങ്കെടുക്കേണ്ടിയിരുന്ന സന്ദീപ് വാരിയർക്ക് അതെല്ലാം ഒഴിവാക്കേണ്ടിവന്നു.