തൃക്കരിപ്പൂർ: അരനൂറ്റാണ്ടിലേറേക്കാലം സി.പി.എം. കൈയടക്കിവെച്ച തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന് നിർദേശമുണ്ടായ നിമിഷംതന്നെ വിജയമെന്ന ലക്ഷ്യത്തിലേക്കുള്ള തന്ത്രങ്ങളും മെനഞ്ഞാണ് സന്ദീപ് വാരിയർ ചുവന്ന മണ്ണിലേക്ക് കാലുകുത്തിയത്. തൃക്കരിപ്പൂരിനെ ആഴത്തിൽ പഠിക്കാൻ ന്യൂജൻസിനെ ഉപയോഗിച്ച് മണ്ഡലത്തിൽ പൊതുവിവരങ്ങൾ (േഡറ്റ) ശേഖരിച്ചായിരുന്നു തുടക്കം. ഏറ്റവും പുതിയ വിവരങ്ങളുൾപ്പെടെ ഇതിൽനിന്ന്‌ ലഭിച്ചു. ലഭ്യമായ േഡറ്റ വെച്ചുള്ള തന്ത്രങ്ങളാണ് പ്രയോഗത്തിൽ വരുത്തിയത്.

To advertise here,

എതിരാളികൾക്ക് പ്രവേശനവും പ്രവർത്തനസ്വാതന്ത്ര്യവുമില്ലാത്ത സി.പി.എം. കോട്ടകളിൽ എങ്ങനെ കയറിച്ചെല്ലാമെന്നതിന് കൃത്യമായ പദ്ധതികൾ തയ്യാറാക്കി. ബോർഡുകളും ബാനറുകളും വെച്ചാൽ നിമിഷനേരത്തേക്കേ ആയുസ്സുണ്ടാകുകയുള്ളുവെന്ന് തിരിച്ചറിഞ്ഞതിനാൽ അത്തരം പ്രചാരണത്തിൽ ഊന്നൽ നൽകിയില്ല. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം ഫലപ്രദമായി ഉപയോഗിച്ചു. അതിലൂടെ സി.പി.എം. പാർട്ടിഗ്രാമങ്ങളിൽ യു.ഡി.എഫിന്റെ സന്ദേശം കൃത്യമായി എത്തിക്കാൻ സാധിച്ചു. അത് ഫലം കാണുകയും ചെയ്തു.

മാസങ്ങളോളം മുന്നൊരുക്കം നടത്തി പ്രചാരണത്തിൽ എൽ.ഡി.എഫ്. ഏറെ മുന്നിലെത്തിനിൽക്കുമ്പോഴാണ് സന്ദീപ് വാരിയരുടെ വരവ്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയതുതന്നെ വലിയ ആഘോഷമാക്കി ജനമനസ്സുകളിൽ ഇടംനേടാൻ സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ സാധിച്ചു. പിന്നാലെ ഷാഫി പറമ്പിലിന്റെ റോഡ്‌ഷോ തീരദേശമേഖലയിൽ വലിയ ഓളമുണ്ടാക്കി. സ്ത്രീകൾ, യുവജനങ്ങൾ, ജെൻസികൾ എന്നിവരുടെ ഭാഗത്തുനിന്ന്‌ വലിയൊരു പിന്തുണ ഉറപ്പിക്കാൻ സാമൂഹികമാധ്യമ പ്ലാറ്റ്ഫോം പ്രയോജനപ്പെട്ടു. എല്ലാ മതവിഭാഗങ്ങളെയും ചേർത്തുനിർത്താനും അവരുടെ വോട്ട് യു.ഡി.എഫിൽ ഉറപ്പിച്ചുനിർത്താനുമുള്ള പ്രവർത്തനമാണ് ചെറിയ സമയത്തിനകം പൂർത്തിയാക്കിയത്.

എല്ലാവർക്കും പ്രാപ്യനായ ജനപ്രതിനിധിയാകും

പോയകാലങ്ങളിലെപോലെ ആയിരിക്കില്ല ഇനിയുള്ള കാലം. ആരുടെയും ശുപാർശയില്ലാതെ ഏത് സമയവും വിളിക്കാനും നേരിൽക്കാണാനും കഴിയുന്ന ഒരു ജനപ്രതിനിധിയായി മണ്ഡലത്തിലുണ്ടാകും. തൃക്കരിപ്പൂർ പഞ്ചായത്തിലാകും എം.എൽ.എ. ഓഫീസ് പ്രവർത്തിക്കുക. മലയോരജനതയുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കേൾക്കാൻ അവിടെയും ഒരു ഓഫീസ് പ്രവർത്തിക്കുമെന്നും നിയുക്ത എം.എൽ.എ. സന്ദീപ് വാരിയർ പറഞ്ഞു.

മുൻഗണനാ പദ്ധതികൾ

  • മണ്ഡലരൂപവത്കരണത്തോളം കാലത്തെ പഴക്കമുണ്ട് തൃക്കരിപ്പൂരിലെ റെയിൽവേ മേല്പാലങ്ങളുടെ ആവശ്യത്തിന്. മേല്പാലം യാഥാർഥ്യമാക്കുന്നതിന് അടിയന്തര പ്രാധാന്യത്തോടെ ഇടപെടും.
  • മണ്ഡലത്തിലെ അടിസ്ഥാന വികസനത്തിന് മുന്തിയ പരിഗണന നൽകും. ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട ചികിത്സാസൗകര്യം ലഭ്യമാക്കും.
  • മണ്ഡലം നേരിടുന്ന കുടിവെള്ളപ്രശ്നത്തിന് ഗ്രാമപ്പഞ്ചായത്തുകളുമായി സഹകരിച്ച് ശാശ്വതപരിഹാരം കാണും.
  • മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആഗ്രഹമാണ് ചീമേനിയിൽ ഐ.ടി. പാർക്ക്. കഴിഞ്ഞ സർക്കാർ ഇത് വ്യവസായപാർക്കാക്കി മാറ്റാൻ ശ്രമം നടത്തി. ചീമേനിയിൽ ഐ.ടി. പാർക്ക് കൊണ്ടുവരും.
  • മലയോരമേഖലയിലെ യാത്രാക്ലേശം ഉൾപ്പെടെ പരിഹരിച്ച് സമഗ്രവികസനം ഉറപ്പാക്കും.