പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ലൈംഗികപീഡനക്കേസും സ്വത്ത് തര്‍ക്കക്കേസും ഒരേപോലെ ഒരു കോടതി എങ്ങനെയാണ് പരിഗണിക്കുകയെന്ന് അദ്ദേഹം ആരാഞ്ഞു. 

To advertise here,

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസും ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട കേസും കോടതി പരിഗണിച്ചിട്ടുണ്ടാകും. ഒരിക്കല്‍പോലും ലൈംഗികാതിക്രമക്കേസ് കോടതി പരിഗണിച്ചിട്ടില്ല. അത് വ്യത്യസ്തമായി പരിഗണിക്കേണ്ടതല്ലേ. പരിഗണിച്ചിട്ടുണ്ടെങ്കില്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ അത് വരേണ്ടതല്ലേയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. 

പരാതിക്കാരി ലൈംഗികപീഡന പരാതി ഉന്നയിച്ചിട്ടുള്ളത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും നേതൃത്വത്തിന്റെ മുന്നിലാണ്. അവിടെനിന്ന് നീതി ലഭിക്കാതെ വന്നപ്പോഴാണ് വീണ്ടും പരാതി കൊടുത്തിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും സന്ദീപ് പറഞ്ഞു. ലൈംഗിക പീഡന പരാതി നല്‍കിയിരുന്നെങ്കില്‍ പോലീസ് യുവതിയില്‍നിന്ന് മൊഴി എടുക്കേണ്ടിയിരുന്നില്ലേ. അവര്‍ സംഘനയ്ക്ക് മുന്‍പാകെ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. 

യുവതി നേരത്തെ ആര്‍എസ്എസിനും ബിജെപിക്കും പരാതി നല്‍കിയതാണ്. തിരഞ്ഞെടുപ്പ് കഴിയട്ടേ നടപടി എടുക്കാമെന്ന് പറഞ്ഞ് ആര്‍എസ്എസ്-ബിജെപി നേതൃത്വം അവരെ ഒരുപാടുകാലം ആശ്വസിപ്പിച്ചു നിര്‍ത്തുകയും ചെയ്തു. ശോഭാ സുരേന്ദ്രന്‍ ഈ യുവതിയുമായി സംസാരിച്ചിട്ടുണ്ട്. യുവതിയുടെ സത്യാവസ്ഥ അവര്‍ക്ക് ബോധ്യമുണ്ട്. സുരേഷ് ഗോപി ഈ യുവതിക്ക് ചികിത്സാ സഹായം നല്‍കിയിട്ടുണ്ട്. കൃഷ്ണകുമാര്‍ നട്ടെല്ല് തകര്‍ക്കും വിധത്തില്‍ ആക്രമിച്ചതിന് പിന്നാലെ യുവതി ആശുപത്രിയില്‍ കിടന്നപ്പോള്‍ സുരേഷ് ഗോപിയാണ് ചികിത്സാസഹായം കൊടുത്തത്. ഇതൊക്കെ നിഷേധിക്കാന്‍ കഴിയുമോ എന്നും സന്ദീപ് വാര്യര്‍ ആരാഞ്ഞു. 

രാഹുലിന്റെ വിഷയത്തില്‍ ആരോപണം വന്നപ്പോള്‍ പാര്‍ട്ടി നടപടിയെടുത്തു. ബിജെപി ആ മാതൃക പിന്തുടരുമോ എന്നാണ് എന്നുമാത്രമാണ് അറിയേണ്ടത്. അതോ കൃഷ്ണകുമാറിനെ ന്യായീകരിക്കാനും നുണ പറയാനും പിടിച്ചുനില്‍ക്കാനും വേറെ അവസരങ്ങള്‍ കൊടുക്കുമോ എന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.