കൊച്ചി: ‘‘ഇടയ്ക്ക് ആത്മവിശ്വാസം ചോർന്നുപോകുന്നതുപോലെ തോന്നും. ഊർജം വരണ്ടുപോകും പോലെ. അന്ന് ഒരുപക്ഷേ എനിക്ക് കാളരാത്രിയായിരിക്കും. ശ്വാസംമുട്ടുകൊണ്ട് ഒന്നുറങ്ങാൻ പോലും പറ്റില്ല. പക്ഷേ, പിടിച്ചു നിൽക്കണം. തളരില്ല ഞാൻ...’’ - സനൽ പോറ്റിയുടെ വാക്കുകൾ പതറുന്നില്ല. പക്ഷേ, ശരീരത്തിന് ഇടർച്ചയുണ്ട്, കാണുന്നവർക്ക് അത് തോന്നുന്നില്ലെങ്കിലും. മാധ്യമപ്രവർത്തകനായും അവതാരകനുമായി ദീർഘകാലമായി മലയാളികൾക്ക് പരിചിതനായ സനൽ പോറ്റി രോഗത്തോടുള്ള പോരാട്ടത്തിലാണ്. രണ്ട് വൃക്കകളും പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷമായി.
‘‘ഒരു രാത്രിയിൽ രക്തസമ്മർദം കൂടി വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതുപോലെ ശ്വാസംകിട്ടാതെ പിടഞ്ഞു. അന്നുമുതൽ ചികിത്സയാണ്. ആഴ്ചയിൽ മൂന്നു ഡയാലിസിസ്. ചിലപ്പോൾ എണ്ണം കൂടും. 2018-ൽ ഒരു പക്ഷാഘാതം വന്നപ്പോഴാണ് ശരീരം ആരോഗ്യത്തിന്റെ താളക്കേടുകൾ ആദ്യം കാണിച്ചത്” - സനൽ പോറ്റി പറയുന്നു.
ശ്വാസംമുട്ടലും തളർച്ചയും രക്തസമ്മർദ വ്യതിയാനവും അടക്കമുള്ള ബുദ്ധിമുട്ടുകൾക്കിടയിലും ഇപ്പോൾ കഴിയുന്നത്ര പരിപാടികളിൽ പക്ഷേ, സനൽ പങ്കെടുക്കുന്നുണ്ട്. കുറച്ചുദിവസം മുൻപ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ബുൾബുൾ സംഗീതത്തിന്റെ ഡോക്യു ഫിലിം പ്രകാശനത്തിൽ അവതാരകനായിരുന്നു സനൽ. എംടിയുടെ ‘മഞ്ഞ്’ നോവലിലെ കുറച്ചുഭാഗം വായിക്കുകയും ചെയ്തു.
കൊച്ചി എസ്‌സിഎംഎസിലെ പിആർഒ ജോലിക്കൊപ്പം എല്ലാം തുടരുന്നു. കളമശ്ശേരി മുട്ടം സിൽവർ ലേക്ക് ഫ്ലാറ്റിൽനിന്ന് മുപ്പത്തടം തണൽ സ്ക്വയർ ഡയാലിസിസ് സെന്ററിലേക്ക് യാത്രകൾ ജീവിതത്തിന്റെ ശീലമായി.
ഹൃദയത്തിനു താഴെയുള്ള അയോട്ട മഹാധമനിയിലെ വീക്കം മാറ്റാനായി വരുന്ന ഞായറാഴ്ചയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. അത് കഴിഞ്ഞിട്ടുവേണം ഡിസംബറിൽ ചേച്ചി സുമാ രുദ്രൻ നൽകുന്ന വൃക്ക സ്വീകരിക്കുന്നതിനുളള ശസ്ത്രക്രിയ.
വേദനകൾക്കിടെ, ചികിത്സയുടെ ഭീമമായ ചെലവുകളും ജീവിതത്തെ ഞെരുക്കുന്നുണ്ട്.
‘‘ഡിസംബർ 25-ന് എംടിയുടെ ചരമദിനത്തിൽ ‘മഞ്ഞി’ന്റെ ബാക്കി ഭാഗം വായിക്കണം. ആരോഗ്യം വീണ്ടെടുത്ത് ഞാൻ വരും’’-സനൽ പോറ്റി പറയുന്നു.
Content Highlights: Media personality Sanal Potti fights kidney failure and a heart condition with unwavering spirit. Learn about his journey, challenges, and hope for recovery.
Published: 30 Oct 2025, 09:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented