തിരുവനന്തപുരം: ഉമ തോമസ് എം.എൽ.എ.യ്ക്ക് അപകടം പറ്റിയ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവേദിയിൽ ആവശ്യമായ സുരക്ഷയുണ്ടായിരുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ. സ്റ്റേജിന് മുൻവശം 15 അടിയോളം താഴ്ചയുണ്ടായിരുന്നു. അവിടെ ബാരിക്കേഡ് വെച്ച് ഒരു അപകടവും സംഭവിക്കാത്ത രീതിയില്‍ ക്രമീകരിക്കേണ്ടതായിരുന്നു. ഇത് ​ഗുരുതരവീഴ്ചയാണെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

'സുരക്ഷാവീഴ്ചയുണ്ടായെന്ന് ആദ്യം പറഞ്ഞത് ഞാനാണ്. സ്റ്റേജിന് മുന്നിൽ ഏകദേശം 15 അടി താഴ്ചയുണ്ടായിരുന്നു. വീതിക്കുറവുമുണ്ടായിരുന്നു. അതിന്റെ മുന്‍വശം ബാരിക്കേഡ് ഉപയോഗിച്ച് ഒരു അപകടവും സംഭവിക്കാത്ത രീതിയില്‍ ക്രമീകരിക്കേണ്ടതായിരുന്നു. ഞാന്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. മുന്‍വശത്ത് ഇത്രയും താഴ്ച ഉള്ളതിനാല്‍ ഞങ്ങളാരും മുന്നോട്ട് പോയില്ല. കസേരയില്‍ തന്നെ ഇരുന്നു. പിറകിലായിരുന്നു വിളക്ക് വെച്ചത്. 

പരിപാടിയുടെ ട്രയൽ തുടങ്ങിയതിന് ശേഷമാണ് ഉമ തോമസ് വന്നത്. അവർ വന്ന് അവിടെ ഇരുന്നു. പിന്നീട്, ഞാനടക്കമുള്ള ആളുകള്‍ ഉണ്ട് എന്ന് മനസ്സിലാക്കിയാണ് എഴുന്നേറ്റത്. ഉമ തോമസിനെ കണ്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റ് വണങ്ങി. വളരെ സന്തോഷത്തോടെ അവര്‍ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. റിബ്ബൺ കൊണ്ടുള്ള സ്റ്റാൻഡിൽ പിടിച്ച് താഴേയ്ക്ക് പെട്ടെന്ന് വീഴുന്നതാണ് കാണുന്നത്. ഇതോടെ, ഞാന്‍ വിളിച്ചുകൂവി. കിടന്ന് ബഹളംവെച്ചു. പെട്ടെന്നുതന്നെ ആളുകള്‍ അവരെ എടുത്ത് ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു'.

ഒരാള്‍ക്ക് നടക്കാനുള്ള വീതി സ്റ്റേജിലുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 'മുൻവശത്ത് വലിയ താഴ്ചയായിരുന്നു. ആ സ്ഥലത്ത് ഉറച്ച ബാരിക്കേഡ് വെച്ച് സുരക്ഷ ഉറപ്പാക്കണമായിരുന്നു. അത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇതൊക്കെ നമുക്ക് പാഠമാണ്. അതനുസരിച്ച് ഇനി അങ്ങോട്ട് കൃത്യമായ മാനദണ്ഡങ്ങള്‍ വെച്ച് ഇത്തരം അപകടം ആവർത്തിക്കാതിരിക്കാനുള്ള ഇടപെടലുമുണ്ടാകണം.

ഉമ തോമസ് വീണ് ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഹൈബി ഈഡന്‍ വന്നു. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു. വിളക്ക് കത്തിക്കണമെന്നായിരുന്നു സംഘാടകരുടെ പ്രശ്‌നം. പെട്ടെന്ന് വിളക്ക് കത്തിച്ച് ഞാനും ഹൈബിയും പുറത്തേക്കിറങ്ങി. പിന്നെ, അവിടെ എന്താണ് സംഭവിച്ചെന്ന് എനിക്കറിയില്ല. അദ്ദേഹത്തിനും അറിയാന്‍ വഴിയില്ല', സജി ചെറിയാൻ കൂട്ടിച്ചേർത്തു.