തിരുവനന്തപുരം: ലീഗിനുപരി പാണക്കാട് തറവാട്ടിലേക്ക് കടന്നുള്ള സി.പി.എം. കടന്നാക്രമണത്തിനുപിന്നില്‍ വോട്ടുഗതി സ്വാധീനിക്കാനുള്ള രാഷ്ട്രീയതന്ത്രം. ന്യൂനപക്ഷപ്രീണനമെന്ന പ്രചാരണമാണ് ലോക്സഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഹിന്ദുവോട്ട് കുറയാന്‍ പ്രധാനകാരണമെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് പാര്‍ട്ടിക്ക് ഏറെ അടിത്തറയുള്ള ഈഴവവോട്ടുകളില്‍. മുസ്ലിംവിഭാഗത്തെ ഏകീകരിക്കാന്‍ ലീഗ് നടത്തുന്ന ശ്രമങ്ങളെ പൊളിക്കുകയും മുസ്‌ലിം പ്രീണനമെന്ന പേരുദോഷം മാറ്റിയെടുക്കുകയുമാണ് സാദിഖലി വിമര്‍ശനത്തിലൂടെ മുഖ്യമന്ത്രിയും സി.പി.എമ്മും ലക്ഷ്യമിടുന്നത്.

To advertise here,

ലീഗിനെ ദുര്‍ബലപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ലോക്സഭാതിരഞ്ഞെടുപ്പ് പരാജയം പരിശോധിച്ച് സി.പി.എം. വിലയിരുത്തിയിരുന്നു. 'മുസ്ലിം ലീഗിന് മുഴുവന്‍ ഇസ്ലാമിക സംഘടനകളെയും ഒപ്പം അണിനിരത്താന്‍ കഴിയുന്നുണ്ട്. മുസ്ലിംലീഗിന്റെ മേല്‍ക്കൈ തകര്‍ക്കുന്നതിനുള്ള അടവുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ വിഭാഗത്തിലേക്ക് നമുക്ക് കടന്നുകയറാനാകില്ല' -ഇതായിരുന്നു സി.പി.എമ്മിന്റെ നിരീക്ഷണം. ന്യൂനപക്ഷ വര്‍ഗീയതയെ മുന്‍പത്തെപ്പോലെ ലീഗ് എതിര്‍ക്കുന്നില്ലെന്ന കുറ്റപ്പെടുത്തലും സി.പി.എമ്മിനുണ്ട്.

മുനമ്പം വിഷയത്തിലടക്കം ലീഗ് എടുക്കുന്ന സമവായശ്രമം രാഷ്ട്രീയമായിത്തന്നെയാണ് സി.പി.എം. കാണുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് പാണക്കാട് കുടുംബത്തിലേക്കുവരെ വിമര്‍ശനം കടുപ്പിച്ച്, ലീഗ് പഴയ ലീഗ് അല്ലെന്നും ശിഹാബ് തങ്ങളുടെ മഹത്ത്വം സാദിഖലി തങ്ങള്‍ക്ക് ഇല്ലെന്നും സ്ഥാപിക്കാന്‍ സി.പി.എം. ശ്രമിക്കുന്നത്. ലീഗിനെ വര്‍ഗീയസംഘടനകളുടെ കൂട്ടുപാര്‍ട്ടിയായി മാറ്റുകയും മതനിരപേക്ഷനിലപാട് ഇല്ലെന്ന് സ്ഥാപിക്കുകയുമാണ് ഉദ്ദേശ്യം.

തിരഞ്ഞെടുപ്പ് ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ ന്യൂനപക്ഷവോട്ടുകള്‍ക്ക് കഴിയുമെന്ന വിലയിരുത്തലാണ് മുന്നണികള്‍ക്കുള്ളത്. കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തേക്ക് മാറിയതോടെ ക്രൈസ്തവവോട്ടുകളില്‍ ഇടത് അനുകൂല മാറ്റമുണ്ടാക്കാന്‍ ഒരുപരിധിവരെ എല്‍.ഡി.എഫിന് കഴിഞ്ഞു. മുസ്ലിം വോട്ട് സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ലോക്സഭാതിരഞ്ഞെടുപ്പിലെ പ്രചാരണം. പലസ്തീനും പൗരത്വനിയമവും മുഖ്യവിഷയമാക്കി. ലീഗിനെപ്പോലും ചേര്‍ത്തുപിടിക്കാന്‍ ശ്രമമുണ്ടായി.

പക്ഷേ, ഇത് ന്യൂനപക്ഷപ്രീണനമാണെന്ന് മറുചേരി തിരിച്ചടിതോടെ ഭൂരിപക്ഷവോട്ട് ഭിന്നിച്ചു. ഈ പാഠം ഉള്‍ക്കൊണ്ടെന്നോണം, ഉപതിരഞ്ഞെടുപ്പിലെവിടെയും പലസ്തീന്‍പ്രശ്‌നം മുഖ്യമന്ത്രിയടക്കം ആരും ഉന്നയിച്ചില്ല. മുനമ്പം വിഷയത്തിലടക്കം ലീഗ് എടുക്കുന്ന സമവായശ്രമം രാഷ്ട്രീയമായിത്തന്നെയാണ് സി.പി.എം. കാണുന്നത്