ന്യൂഡൽഹി: ശബരിമല യുവതിപ്രവേശന വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്ന സൂചന നൽകി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

To advertise here,

ക്ഷേത്രപരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശബരിമല കേസിലെ വിധി സംബന്ധിച്ച സൂചന നൽകിയത്. ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് ശബരിമല കേസിലെ വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്നും ബോധ്ഗയ ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയ ചോദ്യങ്ങളിലാണ് ഒമ്പതംഗ ബെഞ്ച് വാദം കേട്ടത്. ഒമ്പതംഗ ബെഞ്ച് റഫറൻസിൽ നൽകുന്ന ഉത്തരങ്ങൾക്ക് അനുസരിച്ച് അഞ്ചംഗ ബെഞ്ച് വീണ്ടും പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കും. തുടർന്ന് അഞ്ചംഗ ബെഞ്ച് പുനഃപരിശോധന ഹർജിയിൽ വിധി പ്രസ്താവിക്കും.