കൊച്ചി: ശബരിമല യുവതീപ്രവേശനം അനുവദിക്കണമെന്ന ഉത്തരവിനെതിരായ ഹർജികളിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിന്മേൽ വെല്ലുവിളി നടത്തുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. 2018 സെപ്തംബർ 28- ലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അറുപതിലധികം പുനഃപരിശോധന ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഹർജിക്കാരിലൊരാളായ ക്ഷേത്രം തന്ത്രി ഉൾപ്പെട്ട കേസുകളിൽ അന്വേഷണ ഏജൻസിയും കോടതിയും ശബരിമലയിൽ കടുത്ത ആചാരലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടും പ്രതിഷേധവും പ്രസ്താവനയും നടത്താത്തവരുടെ സത്യവാങ്മൂല വിഷയത്തിലെ വ്യഗ്രത വൈകാരികത സൃഷ്ടിച്ച് തിരഞ്ഞെടുപ്പിൽ മുതലെടുപ്പ് നടത്താനുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,

പുനഃപരിശോധന നടപടികളിൽ സർക്കാർ നിലപാട് തേടേണ്ടത് പുതുതായി രൂപവത്കരിക്കപ്പെടുന്ന വിശാല ബെഞ്ചാണ്. കോടതി പ്രാഥമിക നടപടികളിലേക്ക് കടക്കുന്നതിനു മുമ്പുതന്നെയുള്ള വിവാദം വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ളതല്ല. പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശന വിലക്ക് സമത്വം, ആരാധനാസ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്ന് കണ്ടെത്തിയാണ് 2018- ൽ കോടതി വിധി പ്രസ്താവം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലത്തിന്റെ പ്രയാണത്തിലും വിശ്വാസത്തിന്റെ വളർച്ചയിലും ആചാരങ്ങൾക്ക് മാറ്റമുണ്ടാവണം. മനുഷ്യസമൂഹത്തിന്റെ മുന്നേറ്റ ശ്രമങ്ങൾക്ക് വിഘാതമാകുന്ന അനാചാരങ്ങളെയും യാഥാസ്ഥിതികത്വത്തെയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ നാട് ഗൗരവമായി കാണേണ്ടതും അതിനുവേണ്ടി നിലകൊള്ളുന്നവർ ഒരു പരിഷ്‌കൃത സമൂഹത്തെ നയിക്കാൻ യോഗ്യരാണോ എന്ന കാര്യം പരിശോധിക്കേണ്ടതുമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.