
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതിയിൽ എത്തുമ്പോൾ നിലപാട് വ്യക്തമാക്കി എൻഎസ്എസും സിപിഎമ്മും. യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സംസ്ഥാന സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചതെങ്കിലും നിലപാട് മാറ്റം അടുത്ത കാലത്ത് സർക്കാർ പ്രവർത്തിയിലൂടെ കാണിച്ചിട്ടുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
'കോടതിയിൽ ഇതിലൊരു തീരുമാനും ആകാതിരുന്നപ്പോൾ സർക്കാർ യുവതീ പ്രവേശനം തടഞ്ഞിട്ടുണ്ട്. പഴയ ആചാരങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. അലിഖിതമായിട്ടാണെങ്കിലും ആചാരം നിലനിർത്തുന്ന ഒരു നടപടി സർക്കാർ സ്വീകരിച്ചു. ആറേഴ് വർഷമായിട്ടാണ് അങ്ങനെയാണ് നടന്നുപോകുന്നത്' ജി.സുകുമാരൻ നായർ പറഞ്ഞു.
ഇനി സർക്കാർ കോടതിയിൽ എന്ത് പറയാൻ പോകുന്നുവെന്നോ, കോടതി എന്ത് തീരുമാനിക്കുമെന്നോ നിശ്ചയമില്ല. താൻ ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ ബന്ധപ്പെട്ടിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
സത്യവാങ്മൂലം തിരുത്തണോ എന്നത് അവർ നിയമപരമായി ചെയ്യട്ടെ. വിഷയത്തിൽ എൻഎസ്എസിന്റെ നിലപാടിന് മാറ്റമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് മാത്രമാണ് കേസിന് പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം കോടതി പറയുന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വിശ്വാസികളോട് ഏറ്റവും കൂറുള്ളത് തങ്ങൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. 'കോടതി കയറ്റാൻ പറഞ്ഞപ്പോൾ കയറ്റി, കയറ്റണ്ടാണ് പറഞ്ഞപ്പോൾ കയറ്റിയില്ല. കോടതിയുടെ നിലപാട് വരട്ടെ. സർക്കാർ നിലപാട് കോടതിയിൽ പറയും' ഗോവിന്ദൻ ചൂണ്ടിക്കാട്ടി
അതേസമയം യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സർക്കാർ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബർ 28-ന് സുപ്രീംകോടതി വിധിയുണ്ടായത്. പക്ഷേ, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കി. അതിനുശേഷം, വിഷയം ഒതുക്കിവെക്കാനാണ് സർക്കാരും എൽ.ഡി.എഫും ശ്രമിച്ചത്. യുവതീപ്രവേശനത്തിൽ സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് മാറിയതായി എവിടെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, യുവതീപ്രവേശനം വേണമെന്ന പരസ്യനിലപാടും ഇപ്പോഴില്ല. നിലപാട് കോടതിയിൽ വ്യക്തമാക്കുമെന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുശേഷം, സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുള്ളതുകൊണ്ടുമാത്രം ചെയ്യേണ്ടിവന്നുവെന്നായിരുന്നു സി.പി.എമ്മിന്റെ വിശദീകരണം. സ്ത്രീകൾ ശബരിമലയിൽ കയറിയതിൽ സർക്കാർ കാണിച്ച തിടുക്കവും ശ്രമവും ജനങ്ങളിൽ അമർഷമുണ്ടാക്കിയെന്ന് പാർട്ടിക്ക് ബോധ്യമായി. പിന്നീട്, യുവതികളാരും ശബരിമല കയറിയില്ല.
കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായപ്പോൾ, യുവതീപ്രവേശനത്തിൽ സത്യവാങ്മൂലം തിരുത്തുമെന്ന് പറഞ്ഞിരുന്നു. അത് ഇപ്പോൾ പരിഗണിക്കേണ്ട കാര്യമല്ലെന്നാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അന്നു പറഞ്ഞത്. അയ്യപ്പസംഗമം നടത്താൻ തീരുമാനിച്ചപ്പോൾ, അതുമായി സഹകരിക്കണമെങ്കിൽ പ്രതിപക്ഷം മുന്നോട്ടുവെച്ച നിബന്ധന യുവതീപ്രവേശനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നതായിരുന്നു. എന്നാൽ, സർക്കാർ ഒന്നും പറഞ്ഞില്ല. പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കുമ്പോൾ നോക്കാം എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്.കേസ് തിങ്കളാഴ്ച പരിഗണിച്ചാലും പെട്ടെന്ന് നിലപാട് പറയേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
Content Highlights: NSS and CPM clarify stances on Sabarimala women`s entry ahead of the Supreme Court hearing
Published: 15 Feb 2026, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented