കോട്ടയം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റും ജയിൽവാസവും ഒടുവിൽ ജാമ്യം നൽകിക്കൊണ്ടുള്ള വിജിലൻസ് കോടതിവിധിയും സി.പി.എമ്മിനെതിരായ മറ്റൊരു രാഷ്ട്രീയ ആയുധമായി മാറുന്നു. തന്ത്രിക്കെതിരേ തെളിവിന്റെ കണികപോലുമില്ലായിരുന്നെന്ന കൊല്ലം വിജിലൻസ് കോടതിയുടെ അഭിപ്രായവും തന്നെ സർക്കാർ കുടുക്കിയതാണെന്ന തന്ത്രിയുടെ വാദവും വിവാദത്തിന് വഴിതുറന്നു.

To advertise here,

യുവതീപ്രവേശത്തെ എതിർത്ത് താൻ സ്വീകരിച്ച കടുത്ത നിലപാടാണ് സർക്കാരിനുള്ള ദേഷ്യത്തിന് കാരണമെന്ന തന്ത്രിയുടെ വാദം ഇതേ വിഷയം സുപ്രീംകോടതി വീണ്ടും എടുത്തിരിക്കേ സർക്കാരിനും സി.പി.എമ്മിനും തലവേദനയാണ്. 2018-ൽ യുവതീപ്രവേശത്തിനുപിന്നാലെ കണ്ഠര് രാജീവര് ക്ഷേത്രത്തിൽ ശുദ്ധികലശമടക്കമുള്ളവ ചെയ്തത് മുഖ്യമന്ത്രിയുടെവരെ വിമർശനത്തിന് ഇടയാക്കിയിരുന്നു. അത്തരം കാര്യങ്ങൾ ഒാർമ്മപ്പെടുത്തുന്നതാണ് തന്ത്രി വിജിലൻസ് കോടതിയിൽ കൊടുത്ത ജാമ്യാപേക്ഷയിലെ വാദങ്ങൾ.

രാജീവരുടെ വാദത്തിന് പിന്തുണയുമായി ബി.ജെ.പി.യും കോൺഗ്രസും രംഗത്തുവന്നു. അറസ്റ്റിനെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്. തന്ത്രിയെ കുടുക്കി ആരെയോ രക്ഷിക്കാൻ ശ്രമമെന്ന് ചില ഹൈന്ദവസംഘടനകളും ആരോപിക്കുന്നു. തിരഞ്ഞെടുപ്പിൽ ആവുന്നത്ര ഹിന്ദുവോട്ടുകളുടെ സമാഹരണം ലക്ഷ്യമിട്ട സി.പി.എമ്മിന് ഇതിനൊക്കെ മറുപടി പറയുക എളുപ്പമല്ല.

തന്ത്രിയുടെ ജാമ്യവ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എം. അനുകൂല സൈബർ പോരാളികളുടെ പ്രതിരോധം. വന്നത് അന്തിമവിധിയല്ലെന്നും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നുമാണ് അവരുടെ വാദങ്ങൾ.