തിരുവനന്തപുരം: ശബരിമലയിലെത്തുന്ന എല്ലാതീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ. നാലുജില്ലകളില്‍മാത്രമുണ്ടായിരുന്ന അപകട ഇന്‍ഷുറന്‍സ് ദേവസ്വംബോര്‍ഡ് സംസ്ഥാനവ്യാപകമാക്കുന്നു. കേരളത്തിലെവിടെയുണ്ടാകുന്ന അപകടത്തിലും തീര്‍ഥാടകര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ സഹായധനംകിട്ടും. ഇതുവരെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ അപകടങ്ങള്‍ക്കുമാത്രമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം. പ്രീമിയത്തിനുള്ള ചെലവ് ബോര്‍ഡ് വഹിക്കും.

To advertise here,

ദേവസ്വംബോര്‍ഡിലെ എല്ലാജീവനക്കാരും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍വരും. മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തും മാസപൂജയ്ക്കും ഉത്സവമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും എത്തുന്നതിനിടെയുണ്ടാകുന്ന അപകടങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് ആനുകൂല്യമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും പറഞ്ഞു.

അസുഖംമൂലം മരിച്ചാല്‍ മൂന്നുലക്ഷം; വെര്‍ച്വല്‍ക്യൂവില്‍നിന്ന് നിധി

ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അസുഖംമൂലം മരിക്കുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് നിലവില്‍ ആനൂകൂല്യമില്ല. ഇനിമുതല്‍ ഇവരുടെ ആശ്രിതര്‍ക്ക് മൂന്നുലക്ഷം രൂപ ലഭിക്കും. ഇതിന് പ്രത്യേകനിധി രൂപവത്കരിക്കാനാണ് ദേവസ്വംബോര്‍ഡിന്റെ തീരുമാനം. അയ്യപ്പദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ/സ്‌പോട്ട് ബുക്കിങ് സമയത്ത് താത്പര്യമുള്ളവരില്‍നിന്ന് അഞ്ചുരൂപവീതം വാങ്ങും. ഇതിനുപുറമേ സന്നദ്ധരായ മറ്റ് അയ്യപ്പഭക്തരില്‍നിന്ന് സംഭാവനയും സ്വീകരിച്ച് പ്രത്യേകനിധിയിലേക്ക് പണം സമാഹരിക്കും. നിധിയില്‍ കൂടുതല്‍ത്തുകയെത്തിയാല്‍ സഹായധനം അഞ്ചുലക്ഷംവരെയാക്കുന്നത് പരിഗണിക്കും.

കഴിഞ്ഞ തീര്‍ഥാടനകാലത്ത് 48 പേരാണ് ശബരിമലയില്‍ ഹൃദയാഘാതത്താലോ ശ്വാസതടസ്സത്താലോ മരിച്ചത്.