
മണ്ഡല-മകര വിളക്ക് തീർഥാടനത്തിനായി ശബരിമലനട തുറക്കുന്ന മേൽശാന്തി അരുൺകുമാർ നമ്പൂതിരി. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സമീപം
ശബരിമല: ശരണമന്ത്രാരവങ്ങള് മുഴങ്ങിയ തുലാസന്ധ്യയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്കുമാര്നമ്പൂതിരി നടതുറന്നതോടെയാണ് ഒരു തീര്‍ഥാടനകാലത്തിനുകൂടി തുടക്കമായത്.
തിരുമുറ്റത്തും നടപ്പന്തലിലും ആയിരങ്ങള്‍ സ്വാമിനാമം ചൊല്ലവേ, മേല്‍ശാന്തി ശ്രീകോവിലില്‍നിന്നുള്ള ദീപമേന്തി, പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു. ഇരുമുടിയുമായി പടവുകള്‍ക്കുതാഴെ നിന്ന, നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ അദ്ദേഹം സന്നിധാനത്തേക്ക് ആനയിച്ചു. തുടര്‍ന്ന് ഭക്തരെ പടികയറാന്‍ അനുവദിച്ചു.
അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തിയത്. സന്ധ്യയോടെ നിയുക്ത മേല്‍ശാന്തി പ്രസാദ്നമ്പൂതിരിയെ അഭിഷേകംചെയ്ത് അവരോധിക്കുന്ന ചടങ്ങുകള്‍ നടന്നു. മാളികപ്പുറം മേല്‍ശാന്തിയായി മനുനമ്പൂതിരിയും അഭിഷിക്തനായി.
തിങ്കളാഴ്ച പുതിയ മേല്‍ശാന്തിമാരാണ് നട തുറക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനായി, ഘട്ടംഘട്ടമായാണ് പമ്പയിലെ നടപ്പന്തലില്‍നിന്ന് തീര്‍ഥാടകരെ കടത്തിവിടുന്നത്. ഇതിനായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും വൈകീട്ട് മൂന്നുമുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം അനുവദിക്കുക. 27-നാണ് മണ്ഡലപൂജ.
പമ്പയില്‍ സ്പോട്ട് ബുക്കിങ്ങിന് വന്‍ തിരക്ക്; കൗണ്ടറിന്റെ ചില്ല് തകര്‍ന്നു
ശബരിമല: പമ്പ ഗണപതിക്ഷേത്രത്തിന് സമീപമുള്ള സ്പോട്ട് ബുക്കിങ് കൗണ്ടറില്‍ വന്‍ ഭക്തജനത്തിരക്ക്. ബുക്കിങ് വൈകിയത് ബഹളത്തിനും ഇടയാക്കി. ശനിയാഴ്ചമുതല്‍ത്തന്നെ തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് നൂറുകണക്കിന് ഭക്തര്‍ പമ്പയില്‍ എത്തിയിരുന്നു. ഇവര്‍ ബുക്കിങ്ങിനായി കൗണ്ടറിനുമുന്നില്‍ വരിനിന്നു. ഞായറാഴ്ച രാവിലെ കൂടുതല്‍ ഭക്തര്‍ എത്തി. തിരക്ക് നിയന്ത്രണാതീതമായതോടെ ബഹളവും വാക്കേറ്റവുമായി. ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായതോടെയാണ് കൗണ്ടറിന്റെ ചില്ല് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് കൗണ്ടറിനുമുന്നില്‍ തിരക്കൊഴിഞ്ഞത്.
ശബരിമലയില്‍ ഇന്ന്
3.00 നടതുറക്കല്‍
3.30 വരെ അഭിഷേകം
3.20 ഗണപതിഹോമം
8 മുതല്‍ 11 വരെ നെയ്യഭിഷേകം
25 കലശം, കളഭം-11.30 മുതല്‍ 12 വരെ
11.30 കലശാഭിഷേകം,
തുടര്‍ന്ന് കളഭാഭിഷേകം
12.00 ഉച്ചപ്പൂജ
1.00 നടയടയ്ക്കല്‍
3.00 നടതുറക്കല്‍
6.30 ദീപാരാധന
6.45 മുതല്‍ പുഷ്പാഭിഷേകം
9.15 അത്താഴപൂജ
10.45 ഹരിവരാസനം
11.00 നടയടയ്ക്കല്‍
വിരിവെക്കാന്‍ വിപുലമായ സൗകര്യങ്ങള്‍
ശബരിമല: ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിരിവെക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് പമ്പയിലും സന്നിധാനത്തെ നടപ്പന്തലിലും ഒരുക്കിയിട്ടുള്ളത്. പമ്പാതീരത്ത് രണ്ടിടത്തായാണ് പന്തലുകള്‍. ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തര്‍ക്ക് നടപ്പന്തലിലും വിശ്രമിക്കാം. ഇവിടെ വിശ്രമിക്കാന്‍ പുല്പ്പായകള് നല്‍കും. 20 രൂപയ്ക്ക് നല്കുന്ന പുല്പ്പായകള് തിരിച്ചുകൊടുത്താല്‍ 10 രൂപ മടക്കിനല്‍കും. തിങ്കളാഴ്ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 70,000 ആണ്.
ഇന്നത്തെ കാലാവസ്ഥ
നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത.
Content Highlights: Sabarimala`s Mandala-Makaravilakku pilgrimage season has commenced. Experience the divine atmosphere and a sacred journey. Plan your visit now!
Published: 17 Nov 2025, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented