
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേകാന്വേഷണ സംഘം. ബുധനാഴ്ച രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. ഇക്കാര്യം ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുകളടങ്ങിയ കത്താണ് രമേശ് ചെന്നിത്തല എസ്ഐടിക്ക് കൈമാറിയത്. പുരാവസ്തുക്കൾ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘമാണ് ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിലെന്ന് തനിക്ക് അറിവ് ലഭിച്ചതായാണ് രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കിയിരുന്നത്.
കത്ത് കിട്ടിയതായി എസ്ഐടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മൊഴിനൽകാൻ എസ്ഐടി ചെന്നിത്തലയോട് ആവശ്യപ്പെടുകയായിരുന്നു. ബുധനാഴ്ച മൊഴി നൽകാമെന്ന് രമേശ് ചെന്നിത്തല സമ്മതിക്കുകയായിരുന്നു. അദ്ദേഹത്തിന് സൗകര്യമുള്ളിടത്ത് ചെന്ന് എസ്ഐടി മൊഴി രേഖപ്പെടുത്തും.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി അറിയാവുന്ന ഒരാളെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നും അയാളെ അന്വേഷണ സംഘത്തോട് സഹകരിപ്പിക്കാമെന്നും എസ്ഐടിയ്ക്ക് രമേശ് ചെന്നിത്തല ഉറപ്പുനൽകിയിട്ടുണ്ട്. ആരാണ് ഈ വ്യക്തി എന്നകാര്യം അന്വേഷണസംഘം രമേശ് ചെന്നിത്തലയിൽനിന്ന് ചോദിച്ചറിയും.
500 കോടിയോളംവരുന്ന ഇടപാടാണ് ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് രമേശ് ചെന്നിത്തല അവകാശപ്പെടുന്നത്. വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താന്‍ പരിശോധിക്കുകയും അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ടെന്ന് മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവ പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറുന്നത്. ഈ വ്യക്തി വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. എന്നാല്‍, പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കാനും കോടതിയിൽ മൊഴിനൽകാനും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
Content Highlights: Sabarimala Gold row: Ramesh Chennithala to Provide Crucial Testimony to Special Investigation Team
Published: 07 Dec 2025, 05:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented