പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം ( എസ്ഐടി) വിദഗ്ധ സംഘത്തോടൊപ്പം വീണ്ടും ശബരിമല സന്നിധാനത്തെത്തി പരിശോധന ആരംഭിച്ചു. മുമ്പ് സാമ്പിളുകൾ ശേഖരിച്ചപ്പോൾ വിദഗ്ധരുടെ അഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെത്തുടർന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇത്തവണത്തെ പരിശോധന നടക്കുന്നത്. മിഥുനമാസ പൂജകൾക്കായി നട തുറന്നതിനോടൊപ്പമാണ് ഈ നിർണ്ണായക തെളിവെടുപ്പും നടക്കുന്നത്.

To advertise here,

സന്നിധാനത്തെ പ്രഭാമണ്ഡലവും കട്ടളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കിയാണ് സംഘം നിലവിൽ പരിശോധന നടത്തുന്നത്. ഇത്തവണ സാമ്പിൾ ശേഖരണം ഉണ്ടാവില്ലെന്നാണ് വിവരം. പകരം, സ്വർണ്ണപ്പാളികൾ ഇളക്കി അവിടെ വെച്ച് തന്നെ വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധനകൾ പൂർത്തിയാക്കാനാണ് എസ്ഐടി പദ്ധതിയിട്ടിരിക്കുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം കൂടുതൽ കൃത്യത ഉറപ്പാക്കാനാണ് ഈ രീതിയിലുള്ള പരിശോധനയെന്നാണ് സൂചന.

മിഥുനമാസ പൂജകൾക്കായി അഞ്ചു മണിയോടെ നട തുറന്നതിനോടൊപ്പമാണ് അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. ക്ഷേത്രത്തിലെ പൂജകൾ അവസാനിക്കുന്നതോടു കൂടി പരിശോധനകൾ പൂർത്തീകരിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. മറ്റൊരു അവസരത്തിൽ ഇത്തരത്തിലുള്ള പരിശോധനകൾ നടത്താൻ പ്രായോഗികമായ ബുദ്ധിമുട്ടുള്ളതിനാലാണ് നട തുറക്കുന്ന സമയം തന്നെ അധികൃതർ ഇതിനായി തിരഞ്ഞെടുത്തത്.

മഴയുള്ള അന്തരീക്ഷമാണെങ്കിലും സന്നിധാനത്ത് അയ്യപ്പഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരും മാസപൂജകൾക്കായി മലകയറി എത്തുന്നുണ്ട്. മിഥുനമാസ പൂജകൾ പൂർത്തിയാക്കി ഈ മാസം 19-ന് രാത്രിയാകും ശബരിമല നട അടയ്ക്കുക.