
കൊല്ലം: ശബരിമലക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയിൽനിന്ന് സ്വർണം കവർന്ന കേസിൽ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻപോറ്റി സമർപ്പിച്ച ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി വ്യാഴാഴ്ച വിധി പറയും. കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇക്കാരണത്താൽ സ്വാഭാവികജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോറ്റി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ജാമ്യം ലഭിച്ചാലുടൻ പോറ്റിയെ പിടികൂടാനൊരുങ്ങിയിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി ഇഡി സമൻസ് തയ്യാറാക്കിയിട്ടുണ്ട്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലുടൻ പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇഡിയുടെ നീക്കം. ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ടുള്ള സമൻസ് നൽകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു.
ഇതിനിടെ തിരുവല്ലയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി വരികയാണ്. ശബരിമല സ്വർണക്കൊള്ളയുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് വിവരം. കേരള കോൺഗ്രസ് (എം) മുൻ ജില്ലാ പ്രസിഡന്റും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയുമായ എൻ.എം. രാജുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഉൾപ്പെടെയാണ് ഇഡി പരിശോധന നടത്തുന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളെ മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവരർ ഈ സ്ഥാപനത്തിൽ ഏകദേശം രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നു എന്ന വിവരമാണ് ഇഡി റെയ്ഡിന്റെ പ്രധാന പശ്ചാത്തലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
152 ശാഖകളുണ്ടായിരുന്ന ഈ സ്വകാര്യ ബാങ്ക് പിന്നീട് പൂട്ടിപ്പോകുകയും അനേകം നിക്ഷേപകർക്ക് പണം നഷ്ടമാവുകയും ചെയ്തിരുന്നു. സ്ഥാപനം പൂട്ടിയിട്ടും തന്റെ നിക്ഷേപത്തെക്കുറിച്ച് തന്ത്രി പരാതിയൊന്നും നൽകിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
നിക്ഷേപ തട്ടിപ്പിലും അതിലൂടെ നടന്ന കള്ളപ്പണ ഇടപാടുകളിലുമാണ് ഇഡി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്ത്രിയുടെ പണത്തിന്റെ ഉറവിടം, അത് നിക്ഷേപിച്ച രീതി എന്നിവയുമായി ബന്ധപ്പെട്ട വിവരശേഖരണവും ഈ റെയ്ഡിന്റെ ഭാഗമായി നടക്കുന്നുണ്ട്. സ്വർണക്കൊള്ള കേസുമായി ഈ ഇടപാടുകൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നതും ഇഡി പരിശോധിക്കുന്നു.
Content Highlights: Sabarimala Gold Theft Case: Key Accused's Bail Plea Decision Looms, ED Eyes Custody
Published: 05 Feb 2026, 09:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented