ശബരിമല: ശബരിമല സ്വർണക്കടത്തിന് ദേവപ്രശ്നം മറയാക്കിയോ എന്ന് അന്വേഷണം. 2018-ൽ നടന്ന ദേവപ്രശ്നം പ്രത്യേകാന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. ശബരിമല ക്ഷേത്രത്തിന്റെ ഉത്സവത്തിന്റെ ആറാട്ട് ഘോഷയാത്രയ്ക്കിടെ ആന വിരണ്ടതുമായി ബന്ധപ്പെട്ടാണ് അഷ്ടമംഗലം ദേവപ്രശ്നം നടത്തിയത്. 2018 ജൂൺ 15നായിരുന്നു ദേവപ്രശ്നം. ഈ ദേവപ്രശ്നം മറയാക്കിയാണോ ശബരിമല സ്വർണക്കടത്തിന് ആസൂത്രണങ്ങൾ ഉണ്ടായത് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

To advertise here,

ശ്രീകോവിന്റെ വാതിലിനും കട്ടിളപ്പാളിക്കും വൈകല്യമുണ്ടെന്നാണ് ദേവപ്രശ്നത്തിൽ പറയുന്നത്. യോഗ ദണ്ഡിനും രുദ്രാക്ഷത്തിനും വൈകല്യമുണ്ട് എന്നും ചാർത്തലുണ്ട്. ദേവപ്രശ്നം നടന്ന മാസങ്ങൾക്ക് ശേഷമാണ് ശബരിമലയിൽ സ്വർണക്കടത്ത് ആരംഭിക്കുന്നത്. പൊന്നമ്പലമേട്ടിൽ ക്ഷേത്രം പണിയുന്നതും ദേവപ്രശ്നത്തിൽ ഉന്നയിക്കപ്പെട്ടു. കണ്ഠര് മോഹനരെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിലും ദേവപ്രശ്നത്തിൽ പരാമർശമുണ്ട്. ഇതിലാണ് ഇപ്പോൾ എസ്ഐടി അന്വേഷണം നടത്തുന്നത്.

2019 മാർച്ചിൽ ആണ്, 1998-ൽ സ്വർണം പൊതിഞ്ഞ വാതിൽ മാറ്റി പുതിയത് സ്ഥാപിച്ചത്. തുടർന്ന് കട്ടിളയിലെ പാളികളും മാറ്റി. ഇതിന്റെയെല്ലാം മറവിൽ സ്വർണക്കടത്തും നടന്നതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ദേവപ്രശ്ന ചാർത്ത് ഈ പ്രവർത്തനങ്ങൾക്ക് മറയാക്കി എന്ന് കരുതുന്നത്.

ശ്രീകോവിലിലെ യോഗദണ്ഡിലും രുദ്രാക്ഷത്തിലും വൈകല്യമുണ്ടെന്നും പ്രശ്നവിധിയിൽ ഉണ്ട്. ഇത് രണ്ടും എ. പദ്മകുമാറിന്റെ മകൻ സ്പോൺസർ ആയി സ്വർണ്ണം കെട്ടിച്ചുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. സ്വർണ്ണം കെട്ടിക്കാൻ ശ്രീകോവിലിന്റെ പുറത്തേക്ക് കൊണ്ടുപോയ യോഗണ്ഡും രുദ്രാക്ഷവും മാറ്റിയിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

പതിനെട്ടാം പടിക്ക് മുകളിൽ നിർമ്മാണങ്ങൾ പാടില്ല എന്ന് ഇതിന് മുമ്പ് നടന്ന ദേവപ്രശ്നങ്ങളിലും പറയുന്നുണ്ട്. 2016ലെ ദേവപ്രശ്നത്തിലും പതിനെട്ടാം പടിക്ക് മുകളിൽ നിർമ്മാണങ്ങളിൽ മാറ്റം വരുത്തണമെന്ന് പറഞ്ഞിരുന്നു. ഇത് മറയാക്കിയാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറായി ഇപ്പോഴുള്ള മേൽക്കൂര പണിഞ്ഞതെന്നാണ് സംശയം. ഈ മേൽക്കൂരയുടെ തൂണുകൾ പടിക്ക് താഴെ നിലപാടുതറയിൽ സ്ഥാപിച്ചിരിക്കുന്നത് ആചാരവിരുദ്ധമെന്നും പ്രശ്നവിധിയിൽ പറയുന്നുണ്ട്. പൊന്നമ്പല മേട്ടിൽ ക്ഷേത്രം നിർമ്മിക്കാൻ തത്കാലം കഴിയില്ല എന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. പൊന്നമ്പലമേട്ടിൽ ക്ഷേത്രം പണിയാൻ സ്വർണ്ണക്കടത്തിന് നേതൃത്വം നൽകിയവർ ലക്ഷ്യമിട്ടതായും സംശയം. ശബരിമലക്ഷേത്രത്തിലെ തന്ത്രി സ്ഥാനത്ത് നിന്ന് വിലക്കിയ കണ്ഠര് മോഹനരെ തിരികെ പ്രവേശിപ്പിക്കണമെന്നും പ്രശ്ന ചാർത്തിൽ പറയുന്നുണ്ട്. ദേപ്രശ്നത്തിന്റെ പശ്ചാത്തലം എസ്ഐടി വിശദമായി പരിശോധിച്ചു വരികയാണ്.