
എ. പത്മകുമാർ, കടകംപള്ളി സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ പോറ്റി | Photo: Mathrubhumi
തിരുവനന്തപുരം: ശബരിമല സ്വർണപാളി കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നൽകിയ മൊഴി അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും തന്ത്രിയെയും സംശയനിഴലിലാക്കുന്നതെന്ന് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് മന്ത്രിയുമായി നേരത്തെ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് പറഞ്ഞിരുന്നുവെന്ന് പത്മകുമാർ മൊഴി നൽകിയതായാണ് വിവരം.
താൻ പരിചയപ്പെടുന്നതിനു മുൻപ് തന്നെ, ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലുള്ള വ്യക്തിയായിരുന്നു. പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ്. താൻ പോറ്റിയെ പരിചയപ്പെടുന്നതിനു മുൻപ് തന്നെ, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് പരിചയമുണ്ടായിരുന്നു- പത്മകുമാർ എസ്ഐടിക്ക് മൊഴി നൽകിയതായാണ് വിവരം.
ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന ആരോപണം പത്മകുമാർ ഇപ്പോഴും എസ്ഐടിക്ക് മുന്നിൽ സമ്മതിച്ചിട്ടില്ല. ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നതെന്നും സ്വർണം തട്ടിയെടുക്കാൻ വേണ്ടിയല്ല ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ ഉരുപ്പടികൾ കൊടുത്തുവിട്ടതെന്നുമാണ് പത്മകുമാറിന്റെ നിലപാട്. സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അത് മിനുക്കാനും ഒപ്പം തന്നെ അറ്റകുറ്റപ്പണികൾ നടത്താനും വേണ്ടിയാണ് കൊണ്ടുപോയതെന്നും ദ്വാരപാലക പാളികളും കട്ടിളപ്പാളിയും വാതിലും ഉൾപ്പെടെയുള്ളവയാണ് ഇതിനായി കൊണ്ടുപോയതെന്നും പത്മകുമാർ പറയുന്നു. ഈ തീരുമാനം താൻ മാത്രമായി എടുത്തതല്ല, എല്ലാവരും അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ് എന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയോ കടകംപള്ളി സുരേന്ദ്രനോ പ്രത്യേക താൽപ്പര്യം എടുത്തതായി പത്മകുമാറിന്റെ മൊഴിയിൽ വ്യക്തമായ പരാമർശം ഉണ്ടെന്നതിൽ വ്യക്തതയില്ല. ഈ വിഷയത്തിൽ അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: Former Devaswom President Padmakumar`s statement raises questions about Minister Kadakampally Surendran and the Thantri in the Sabarimala gold scandal. Get the latest updates.
Published: 27 Nov 2025, 08:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented