
അറസ്റ്റിലായ രണ്ടാംപ്രതി മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ റാന്നി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ - ഫോട്ടോ: അരവിന്ദ് ലെനിൻ
കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായെത്തുന്നവരുടെ സമ്പൂര്ണവിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി. സഹായികളില്‍ വര്‍ഷങ്ങളായി തുടരുന്നവരുണ്ടോ, പോലീസ് വേരിഫിക്കേഷന് നടത്തുന്നുണ്ടോ തുടങ്ങിയകാര്യം ഒക്ടോബര്‍ 31-ന് അറിയിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചത്.
മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെക്കുറിച്ച് നിലവില്‍ ബോര്‍ഡിന് വ്യക്തമായ ധാരണയില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.
ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. മേല്‍ശാന്തി നിയമനനടപടി സുതാര്യതയോടെ പൂര്‍ത്തിയാക്കിയതായി ദേവസ്വം അഭിഭാഷകന് അറിയിച്ചു.
20 സഹായികളെങ്കിലും ഉണ്ടാകുമെന്നും അതത് വര്‍ഷങ്ങളിലെ മേല്‍ശാന്തിമാരാണ് ഇവരെ കണ്ടെത്തുന്നതെന്നും ബോര്‍ഡ് വിശദീകരിച്ചു. മേല്‍ശാന്തിമാര്‍ക്ക് ഓണറേറിയമാണ് നല്‍കുന്നത്. ഇവരുടെ സഹായികള്‍ക്ക് പ്രതിഫലം നല്‍കുന്നില്ലെന്നും വിശദീകരിച്ചു. ശാന്തിക്കാരുടെ സഹായികളായി വര്‍ഷങ്ങളായി തുടരുന്നവര്‍ ശബരിമലയിലുണ്ടോയെന്ന് കോടതി ആരാഞ്ഞു.
പരിശോധിച്ച് അറിയിക്കാമെന്ന് ബോര്‍ഡ് മറുപടിനല്കി. സഹായിമാര്‍ക്ക് ബോര്‍ഡിനോട് ഉത്തരവാദിത്വമുണ്ടോ? അല്ലെങ്കില്‍ ബോര്‍ഡ് കുഴപ്പത്തിലാകില്ലേയെന്നും കോടതി ചോദിച്ചു.
ശബരിമല സ്വര്‍ണക്കവര്‍ച്ച: മുരാരിയിലൂടെ ചുരുള്‍നിവരുന്നു
തിരുവനന്തപുരം: മുരാരി ബാബുവിന്റെ അറസ്റ്റോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ഗൂഢാലോചനയുടെ ചുരുള്‍ നിവരുന്നു. സ്വര്‍ണപ്പാളികളെ 'വെറും ചെമ്പുപാളികളാ'ക്കിയ മുരാരി ബാബുവിനെ സഹായിച്ച ഉന്നതരുടെ പങ്കിലേക്കെത്തുന്നതടക്കം നിര്‍ണായകവിവരം പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) കിട്ടിയതായാണ് വിവരം.
ചോദ്യംചെയ്യലിനിടെ വ്യാഴാഴ്ച ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് ഈഞ്ചയ്ക്കലിലെ ഓഫീസിലെത്തി അന്വേഷണം വിലയിരുത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് ശബരിമലയില്‍ സ്വര്‍ണത്തെ ചെമ്പാക്കാന്‍ ഇത്രവലിയ അധികാരം നല്കിയ ഉന്നതരെക്കുറിച്ചായിരുന്നു അന്വഷണം.
2019-ല്‍ പാളികള്‍ അശ്രദ്ധമായും നിരുത്തരവാദപരമായും ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തുവിട്ടതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരില്‍ ആദ്യത്തെ പേരുകാരനുമാണ് മുരാരി. സ്വര്‍ണപ്പാളിക്കേസ് കൂടാതെ പല തിരിമറികളിലും ആരോപണവിധേയനാണ് സസ്പെന്‍ഷനിലുള്ള മുരാരി ബാബു.
'സ്വര്‍ണം ചെമ്പായതല്ല, മനഃപൂര്‍വം ആക്കിയത്'
റാന്നി: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം കടത്തിയ കേസിലെ രണ്ടാം പ്രതി, 2019-ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു മഹസറില്‍ ചെമ്പ് എന്ന് മനഃപൂര്‍വം എഴുതിയതാണെന്ന് പ്രത്യേക അന്വേഷണസംഘം. മുരാരിയെ റാന്നി ഒന്നാംക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയതിനൊപ്പം നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണിതുള്ളത്. ചോദ്യംചെയ്യലില്‍ മുരാരി ഇക്കാര്യം സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1998-ല്‍ ശില്പങ്ങളില് സ്വര്‍ണം പൊതിഞ്ഞിരുന്ന വിവരം മുരാരിക്ക് അറിയാമായിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളികള്‍ കടത്താന്‍ മനഃപൂര്‍വം സഹായം നല്കി എന്ന നിഗമനത്തിലേക്ക് അന്വേഷണം എത്തിയിട്ടുണ്ട്. ചെമ്പുപാളിയെന്നു രേഖപ്പെടുത്തി രണ്ടുകിലോയോളം സ്വര്‍ണം തട്ടിയെടുക്കാന്‍ ആസൂത്രിതനീക്കം നടത്തിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറായിരുന്ന മുരാരി ബാബുവിനെ അടുത്തിടെയാണ് ദേവസ്വംബോര്‍ഡ് സെസ്പന്ഡ് ചെയ്തത്.
തലകുനിച്ച് മുരാരി
കോടതിയിലെത്തിച്ചപ്പോള്‍ ആരെയും നോക്കാതെ തലകുനിച്ച് മുരാരി ബാബു. വ്യാഴാഴ്ച വൈകീട്ട് 6.15-നാണ് തിരുവനന്തപുരത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിലെത്തിച്ചത്. അടച്ചിട്ട കോടതി മുറിയിലാണ് ജഡ്ജിക്കുമുന്നില്‍ ഹാജരാക്കിയത്.
Content Highlights: Kerala High Court seeks details on Sabarimala & Malikappuram head priest assistants. Probe into gold scam reveals deliberate `copper` mislabeling. SIT gets crucial info.
Published: 24 Oct 2025, 07:25 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented