കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിസ്ഥാനത്തുള്ള ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണ്? പോറ്റിക്കെതിരേ ദേവസ്വം ബോര്‍ഡ് പരാതിനല്‍കാന്‍ 18 ദിവസം കാത്തിരുന്നത് എന്തുകൊണ്ട്?

To advertise here,

സെപ്റ്റംബര്‍ 20-ഓടെ ശബരിമലയിലെ തട്ടിപ്പ് പുറത്തു വന്നിട്ടും ബോര്‍ഡ് അനങ്ങാതിരുന്നത് പോറ്റിയുടെ സ്വാധീനത്തിനുള്ള തെളിവ്. ഒക്ടോബര്‍ ഒന്‍പതിനാണ് കേസിലേക്ക് പോകുന്നത്. ഇത്രയും ശക്തിയും സ്വാധീനവും, സ്‌പോണ്‍സര്‍ എന്നു വിശേഷിപ്പിക്കുന്ന പോറ്റിക്കുണ്ടോ. ഉണ്ടെന്നാണ് അയാളുടെ ഇതുവരെയുള്ള പ്രവൃത്തി പരിശോധിച്ചാല്‍ ബോധ്യമാകുക.

തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണന്‍പോറ്റി സ്‌കൂള്‍ കാലത്തിനുശേഷം ബെംഗളൂരുവിലേക്ക് ജോലിക്കു പോയി. കുറെക്കാലം ഇയാള്‍ എവിടെയെന്ന് നാട്ടുകാര്‍ക്ക് വ്യക്തതയില്ലായിരുന്നു.

അവിടെ ഒരു കമ്പനിയില്‍ ജോലിക്കുകയറി എന്നാണ് പിന്നീട് പറഞ്ഞത്. സമ്പന്നനായി തിരികെ നാട്ടില്‍ പ്രത്യക്ഷപ്പെട്ട പോറ്റി ജീവകാരുണ്യപ്രവൃത്തികളില്‍ പങ്കാളിയായി. ബെംഗളൂരുവില്‍ ബിസിനസാണെന്നാണ് പറഞ്ഞിരുന്നത്. അവിടെ ഒരു ക്ഷേത്രത്തില്‍ ശാന്തിയാണെന്ന് പിന്നീട് കേട്ടത്. ശ്രീരാംപുര ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണെന്നും അവകാശപ്പെട്ടു.

2007-മുതല്‍ പോറ്റിയെ ശബരിമലയില്‍ കണ്ടുതുടങ്ങി. പഴയ ബെംഗളൂരു ബന്ധംവെച്ച് അവിടത്തെ ധനികരായ ചില തീര്‍ഥാടകര്‍ പോറ്റിയെ ശബരിമലയിലെ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചു. 'ബാംഗ്ലൂര്‍ ഉണ്ണിത്തിരുമേനി' എന്നാണ് ഇയാളെ പലരും വിളിച്ചിരുന്നത്. നെയ്യഭിഷേകടിക്കറ്റ് നല്‍കുക, താമസിക്കാന്‍ മുറി തരപ്പെടുത്തുക, പ്രസാദം വാങ്ങി നല്‍കുക തുടങ്ങിയ കാര്യങ്ങളിലൂടെ, ഇതരസംസ്ഥാനക്കാരായ തീര്‍ഥാടകരുടെ പ്രിയമിത്രമായി.

2014-ല്‍ ദേവസ്വം വിജിലന്‍സിന്റെ കണ്ണിലെ കരടായി പോറ്റി മാറി. അയാളെ അവര്‍ നോട്ടമിട്ടു. സന്നിധാനത്ത് രശീതില്ലാതെ നടത്തുന്ന ഇടപാടുകളില്‍ സംശയം തോന്നിയതാണ് കാരണം. തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് നിര്‍ബന്ധമാക്കിയപ്പോള്‍ പോറ്റിക്ക് അതില്ലായിരുന്നു. ഇതോടെ ഇയാളോട് സന്നിധാനം വിടാന്‍ നിര്‍ദേശിച്ചു. പക്ഷേ, പോയതിലും ശക്തനായി അയാള്‍ തിരികെ വന്നു.

ബെംഗളൂരുവിലെ ധനികരെ ശബരിമലയിലെ വികസനകാര്യങ്ങളുമായി ചേര്‍ക്കുന്നതിലൂടെ പോറ്റി സ്‌പോണ്‍സര്‍വേഷത്തിലേക്ക് മാറി. 2016 മുതല്‍ പല കാര്യങ്ങളിലും സ്‌പോണ്‍സറായി അറിയപ്പെട്ടു. പല കാര്യങ്ങളും ഏറ്റെടുത്തശേഷം വലിയ ബിസിനസ് ഗ്രൂപ്പുകളില്‍നിന്ന് പണം സമാഹരിച്ച് പ്രവൃത്തി നടത്തുകയായിരുന്നു രീതി. പക്ഷേ, ബോര്‍ഡിന്റെ മുന്നില്‍ അവയെല്ലാം പോറ്റിയുടെ സേവനമായി.

പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ്

2016-തിടപ്പള്ളി നവീകരണം, 2017-അന്നദാനത്തിന് എട്ട് ലക്ഷം, ക്ഷേത്ര അലങ്കാരം, 2019 മാര്‍ച്ച്-ശ്രീകോവില്‍ വാതില്‍ നവീകരണം, 2019 മേയ്-ദ്വാരപാലകശില്പ നവീകരണം, കട്ടിള നവീകരണം, 2025-അന്നദാനം സംഭാവന, ഉദയാസ്തമയ പൂജ, അന്നദാനമണ്ഡപം ലിഫ്റ്റ് സ്ഥാപിക്കല്‍. (ഇവയില്‍ ശ്രീകോവിലിലെ പ്രവൃത്തികളാണ് ഇപ്പോള്‍ വിവാദമായത്)

വിജിലന്‍സ് പറയുന്നത്

2017 മുതല്‍ 2025 വരെയുള്ള പോറ്റിയുടെ ആദായനികുതി വിവരം പരിശോധിച്ചു. കാര്യമായ വരുമാനസ്രോതസ്സ് ഒന്നും കണ്ടില്ല. സ്ഥിരവരുമാനമാര്‍ഗവും കണ്ടെത്താനായില്ല. ഈ സാമ്പത്തികവര്‍ഷം കാമാക്ഷി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍നിന്ന് 10.85 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നിട്ടുണ്ട്.