തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷണം സ്പെഷ്യൻ ഇൻവെസ്റ്റിഗേഷൻ സംഘം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അന്വേഷണം മുന്നോട്ടുപോയാൽ എൽഡിഎഫിലെയും യുഡിഎഫിലെയും പല പ്രമുഖരായ നേതാക്കളും കുടുങ്ങുമെന്നതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സ്വർണക്കൊള്ളയിൽ നേരിട്ടു പങ്കാളികളായ ഉന്നത രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് താല്പര്യമില്ലന്ന് സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്ഐടിയെ രൂക്ഷമായാണ് വിമർശിച്ചത്. അന്വേഷണത്തിൽ കോടതിക്ക് തൃപ്തിയില്ലാത്തതിനാലാണത്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തത് മകൻ ഐപിഎസ്സുകാരനായതിനാലാണോ എന്നാണ് കോടതി ചോദിച്ചത്. സാമാന്യ ജനത്തിനും ഈ സംശയമാണുള്ളത്. ദേവസ്വം ബോർഡ് അംഗമായിരുന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ വാജിവാഹനത്തെക്കുറിച്ചു പറയുന്നത് വിചിത്രമായ വാദങ്ങളാണ്. അജയ്തറയിലിനും അടൂർപ്രകാശിനും കടകംപള്ളിസുരേന്ദ്രനുമെല്ലാം സ്വർണക്കൊള്ളയിലുള്ള പങ്കിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്.

ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് കക്ഷിഭേദമില്ലാതെ ഇടതു വലതു മുന്നണികൾ നേതൃത്വം നൽകുകയായിരുന്നെന്ന് സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ്- എൽഡിഎഫ് കുറുവാ സംഘം ശബരിമല കൊള്ളയടിക്കുകയായിരുന്നു. കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവ് സോണിയക്കു ബന്ധമുള്ള പുരാവസ്തുക്കച്ചവടക്കാർക്ക് ഇവയെല്ലാം വിപണനം ചെയ്യുകയായിരുന്നു എന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നില്ല. അന്വേഷണം അട്ടിമറിക്കുന്ന സർക്കാരിന്റെ നിലപാടിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇന്ന് നാടെങ്ങും അയ്യപ്പ ജ്യോതിയായി തെളിയിച്ചിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കുന്നതു വരെ പ്രക്ഷോഭം ശക്തമാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മാരാർജി ഭവനിൽ നടന്ന ദീപം തെളിയിക്കലിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ അഭിജിത് രാധാകൃഷ്ണൻ, മേഖലാ സംഘടനാ സെക്രട്ടറി കു.വേ. സുരേഷ്, മുതിർന്ന നേതാക്കളായ പ്രൊഫ. വി.ടി. രമ, പി. രാഘവൻ, എം. മോഹനചന്ദ്രൻനായർ തുടങ്ങിയവരും സംബന്ധിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് മകര സംക്രമ ദിനമായ ഇന്നലെ കേരളത്തിലെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ ബിജെപി, ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു. 'വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി' പരിപാടിയിൽ ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ അണിചേർന്നു. ബിജെപി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജ്യോതി തെളിയിച്ചു.