
തിരുവനന്തപുരം: ശബരിമല ദ്വാരപാലകപാളിയുടെ സാമ്പിൾ ശേഖരണത്തിലെ പോരായ്മ പരിഹരിക്കണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. ദേവസ്വം ബോർഡ് യോഗത്തിന്റെതാണ് തീരുമാനം. എസ്‌ഐടിയുടെ പരിശോധനനയ്ക്കായി പാളിയിൽനിന്ന് ഭാഗങ്ങൾ മുറിച്ചു മാറ്റിയിരുന്നു. അംഗഭംഗം വന്ന പാളി തിരിക സ്ഥാപിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനർ.
ശബരിമലയിൽ ദ്വാരപാലക ശിൽപത്തിന്റെ പാളിയുടെയും ശ്രീകോവിലിന്റെ മറ്റു ഭാഗങ്ങളിലെ പാളിയുടെയും സാമ്പിൾ എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിരുന്നു. മൂന്നാമത്തെ തവണയാണ് ഒടുവിൽ ശേഖരിച്ചത്. അവസാനമായി ശേഖരിച്ച അവസരത്തിൽ കൂടുതൽ വലിയ ഭാഗങ്ങൾ മുറിച്ചു മാറ്റിയിരുന്നു. നാല് സെന്റീമീറ്റർ വരെയുള്ള ഭാഗങ്ങളാണ് മുറിച്ചു മാറ്റിയത്.
അതുകൊണ്ടുതന്നെ ദ്വാരപാലകശിൽപത്തിന്റെ പാളികൾക്ക് അംഗഛേദം സംഭവിച്ചിട്ടുണ്ടെന്നാണ് തന്ത്രി വിലയിരുത്തുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനർ ദേവസ്വം ബോർഡിന് കത്ത് നൽകിയത്.
പാളികളുടെ പോരായ്മകൾ പരിഹരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. പാളികൾ തിരികെ സ്ഥാപിക്കണമെന്നോ വേണ്ടെന്നോ നിലപാട് തന്ത്രി സ്വീകരിച്ചിട്ടില്ല. ദ്വാരപാലക ശിൽപത്തിന്റെ പാളി ആദ്യം സമർപ്പിച്ചപ്പോഴുള്ള രീതിയിലല്ല. അംഗഛേദം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തിരികെ അതേരീതിയിൽ സ്ഥാപിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ബോർഡിനോട് ആവശ്യപ്പെട്ടത്.
അക്കാര്യത്തിൽ തീരുമാനം എടുക്കണമെങ്കിൽ ഹൈക്കോടതിയുടെ നിലപാടുകൂടി അറിയണം. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോഴുള്ള അന്വേഷണം നടക്കുന്നതെന്നതിനാലാണത്. പോരായ്മ പരിഹരിക്കണമെന്ന തന്ത്രിയുടെ കത്തിലെ ആവശ്യം ഹൈക്കോടതിയെ അറിയിക്കാനാണ് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചിരിക്കുന്നത്.
Content Highlights: Sabarimala temple priest demands repair of Dwarapalaka panel damage from SIT sampling. Devaswom board to inform High Court
Published: 18 Feb 2026, 12:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented