തിരുവനന്തപുരം: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയുമായി എഡിജിപി എം.ആര്‍.അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതില്‍ എല്‍ഡിഎഫില്‍ ഭിന്നത. വിഷയം ഗൗരവമായി കാണണമെന്ന് സിപിഐ നേതൃത്വം ആവശ്യപ്പെടുമ്പോള്‍ വിഷയത്തെ നിസ്സാരവത്കരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്.

To advertise here,

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി അജിത് കുമാര്‍ സമ്മതിച്ചത് സംബന്ധിച്ച ചോദ്യത്തിന്, അതുകൊണ്ടെന്താണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും ഇതേരീതിയിലാണ് ഗോവിന്ദന്‍ പ്രതികരിച്ചത്.

എഡിജിപി എവിടെയെങ്കിലും പോയിട്ടുണ്ടെങ്കില്‍ നമ്മളെന്തിന് ഉത്തരവാദിത്തമേല്‍ക്കണമെന്ന് ഗോവിന്ദന്‍ ചോദിച്ചു. എഡിജിപി സിപിഎം നേതാവല്ലെന്നായിരുന്നു മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണം.

അതേസമയം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ കണ്ടത് എന്തിനെന്ന് കേരളത്തിന് അറിയാന്‍ ആകാംക്ഷയുണ്ടെന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ആര്‍.എസ്.എസിന്റെ മേധാവിയുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് എന്ത് കാര്യങ്ങളാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. തൃശ്ശൂര്‍ പൂരം കലക്കല്‍ പോലയുള്ള കാര്യങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് താന്‍ ഈ ചോദ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ഡി.ജി.പി-ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ വാര്‍ത്ത ശരിയാണെങ്കില്‍ അത് ഗൗരവമുള്ളതാണെന്ന് തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.

തൃശ്ശൂര്‍ പൂരം കലക്കുന്നതിനായി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് എഡിജിപി ആര്‍എസ്എസ് നേതൃത്വത്തെ കണ്ടതെന്ന പ്രതിക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഇടത് നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍.

watch video - തൃശ്ശൂരില്‍ താമര വിരിഞ്ഞതോ അതോ വിരിയിച്ചതോ? പൂരം കലക്കിയത് ആര്?