
കലവൂര്‍ (ആലപ്പുഴ): ബുധനാഴ്ച. നേരം വെളുത്തതേയുള്ളൂ. ദേശീയപാതയില്‍ കടത്തിണ്ണയിലെ കാഴ്ചകണ്ട് കലവൂരുകാര്‍ ഞെട്ടി. കെട്ടിയിട്ടനിലയില്‍ മുന്തിയയിനം നായ. നടുക്കുന്ന ശബ്ദത്തിലുള്ള കുര. പേ ഉണ്ടോയെന്ന സംശയം. എങ്ങനെയെങ്കിലും ഒഴിപ്പിക്കണമെന്നായി ചിന്ത. വിവരമറിഞ്ഞ് മൃഗഡോക്ടര്‍ എത്തി നായകളിലെ 'രാജാവാ'ണെന്നറിയിച്ചതോടെ സ്വന്തമാക്കിക്കോളാമെന്നായി ചിലര്‍. തത്കാലം നായയെ സമീപത്തെ ഒരുവീട്ടിലാക്കി.
ബസ് സ്റ്റാന്‍ഡിനുസമീപത്തെ കടത്തിണ്ണയിലാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചേ മൂന്നോടെയെത്തിയ സംഘമാണ് നായയെ കെട്ടിയിട്ടതെന്നു സമീപത്തെ തട്ടുകടക്കാര്‍ പറഞ്ഞു. യാത്രയ്ക്കിടയിലെ വിശ്രമസമയത്തേക്കു മാത്രമാണു നായയെ കെട്ടിയിടുന്നെന്നാണു സംഘം കടക്കാരോടു പറഞ്ഞത്. എന്നാല്‍, ആളുകളുടെ ശ്രദ്ധ മാറിയതോടെ അവര്‍ മുങ്ങി. നേരം വെളുത്തതോടെ ആളുകൂടി.
സംഭവമറിഞ്ഞെത്തിയ മണ്ണഞ്ചേരി പഞ്ചായത്തു പ്രസിഡന്റ് ടി.വി. അജിത് കുമാര്‍ കലവൂര്‍ മൃഗാശുപത്രിയിലെ ഡോ. ജിം കിഴക്കൂടനെ വരുത്തി. മൂന്നുവയസ്സുള്ള മുന്തിയയിനത്തില്‍പ്പെട്ട റോട്ട് വീലറാണു നായയെന്ന് അദ്ദേഹമറിയിച്ചു. അടുത്തേക്കുചെല്ലാന്‍ എല്ലാവരും ഭയന്നപ്പോള്‍ ബിസ്‌കറ്റുമായി ചെന്ന ഡോക്ടറുമായി ഇണങ്ങി. വീട്ടില്‍ കെട്ടാറുള്ള തുടലാണു കഴുത്തിലുണ്ടായിരുന്നത്.
ഇണചേര്‍ക്കാന്‍ ഉപയോഗിച്ചാല്‍ നല്ലവരുമാനം കിട്ടുമെന്നു ഡോക്ടര്‍ പറഞ്ഞതോടെ നായയെ സ്വന്തമാക്കാന്‍ ചിലര്‍ തയ്യാറായി. പക്ഷേ, ആര്‍ക്കും അഴിച്ചെടുക്കാന്‍ ധൈര്യമില്ലായിരുന്നു. ഇതിനിടെ വളര്‍ത്താന്‍ താത്പര്യം കാട്ടിയ സമീപത്തെ പള്ളിപ്പറമ്പില്‍ വീട്ടുകാരുടെ പട്ടിക്കൂട്ടിലേക്കു ഡോക്ടര്‍ നായയെ മാറ്റിക്കെട്ടി. നായയെ ഉപേക്ഷിച്ചതിനെപ്പറ്റി മണ്ണഞ്ചേരി പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: rottweiler dog found at roadside
Published: 29 Sept 2022, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented