
കോഴിക്കോട്: രേവതി പട്ടത്താനത്തോട് അനുബന്ധിച്ച് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിച്ച വേദപണ്ഡിതന് സാമൂതിരി രാജാവ് പണക്കിഴി സമ്മാനിച്ചു. സാമൂതിരി രാജാവ് കെ.സി. ഉണ്ണിയനിയന്‍ രാജ വേദ പണ്ഡിതന്‍ അണ്ടലാടി ദിവാകരന്‍ നമ്പൂതിരിപ്പാടിനാണ് പണക്കിഴി കൈമാറിയത്. തുടര്‍ന്ന് പട്ടത്താന ഘോഷയാത്ര തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളിലേക്ക് പ്രവേശിച്ചു.
പട്ടത്താന സദസ്സ് നടന്‍ സുരേഷ്‌ഗോപി ഉദ്ഘാടനംചെയ്തു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. സന്നിഹിതനായിരുന്നു. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാകും.
പ്രതിഭാപാരമ്പര്യത്തിന്റെ സ്മരണയുണര്‍ത്തി രേവതി പട്ടത്താനം
കെ.കെ.അജിത് കുമാര്‍
കോഴിക്കോട്: ഒരിക്കല്‍ക്കൂടി തുലാമാസത്തിലെ രേവതിനാള്‍. പ്രതിഭാപരീക്ഷണത്തിന്റെ പ്രതാപസ്മരണകളുണര്‍ത്തിക്കൊണ്ട് തളി മഹാക്ഷേത്രത്തില്‍ രേവതി പട്ടത്താനം അരങ്ങേറി. വെള്ളിയാഴ്ച നടക്കുന്ന പട്ടത്താനത്തിനുമുന്നോടിയായുള്ള ചടങ്ങുകള്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തുടങ്ങിയത്. രാവിലെ എട്ടുമുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ ആറുവരെയും ഋഗ്വേദലക്ഷാര്‍ച്ചനയാണ് ഇത്രയുംനാള്‍ നടന്നത്. ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മികത്വത്തില്‍ പുത്തലത്ത് രാമന്‍ നമ്പൂതിരിയും മറ്റു വൈദികന്മാരും ചേര്‍ന്നാണിത് നടത്തിയത്.
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞവര്‍ഷങ്ങളില്‍ ചടങ്ങുമാത്രമായി നടത്തിയിരുന്ന പട്ടത്താനം പാരമ്പര്യപ്രൗഢിയുടെ സകല ഉണര്‍വോടെയും തിരിച്ചെത്തുന്നുവെന്നതാണ് ഇത്തവണത്തെ ആഘോഷത്തെ സവിശേഷമാക്കുന്നത്. പട്ടത്താനസദസ്സ് നടന്ന വാതില്‍മാടത്തില്‍ കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിക്കുന്ന വേദപണ്ഡിതന് സാമൂതിരി രാജാവ് ആചാരപ്രകാരം പണക്കിഴി നല്‍കി ആദരിക്കലായിരുന്നു വെള്ളിയാഴ്ച രാവിലെ പൂജകള്‍ക്കുശേഷമുള്ള പ്രധാനചടങ്ങ്. തുടര്‍ന്ന് പട്ടത്താനഘോഷയാത്ര തുടങ്ങി. സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളിലാണ് സമ്മേളനവും പുരസ്‌കാരവിതരണവും വാക്യാര്‍ഥസദസ്സും പ്രഭാഷണങ്ങളും കലാപരിപാടികളും.
രണ്ടായിരാമാണ്ടില്‍ ദേവപ്രശ്‌നത്തില്‍ നിര്‍ദേശിക്കപ്പെട്ട പ്രകാരമാണ് ഇപ്പോഴത്തെ പട്ടത്താനത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. 15, 16 നൂറ്റാണ്ടുകളില്‍ പ്രഭാവത്തോടെ നടന്ന പട്ടത്താനം പില്‍ക്കാലത്ത് നിന്നുപോയിരുന്നു.
101 പണക്കിഴി, ഒരു പ്രണയകഥ
കേരളോല്പത്തിയെപ്പറ്റിയുള്ള ഐതിഹ്യമനുസരിച്ച്, കോല്‍ക്കുന്നത്ത് ശിവാങ്കള്‍ എന്ന യോഗിവര്യന്റെ ഉപദേശപ്രകാരമാണ് കോഴിക്കോട് തളി ക്ഷേത്രത്തില്‍വെച്ച് 101 സ്മാര്‍ത്തന്മാര്‍ക്ക് 101 പണത്തിന്റെ കിഴി നല്‍കുന്ന സമ്പ്രദായം ആരംഭിച്ചത് എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
15-ാം നൂറ്റാണ്ടില്‍ സാമൂതിരി രാജവംശത്തിന്റെ ഭരണം പ്രശസ്തിയുടെയും പ്രതാപത്തിന്റെയും ഉന്നതിയിലായിരുന്നു. ബ്രഹ്മഹത്യാപാപത്തിനു പ്രായശ്ചിത്തമായി സാമൂതിരിപ്പാട് ബ്രാഹ്മണഭോജനവും വിദ്വത്സദസ്സും ആരംഭിച്ചുവെന്നും ആ സദസ്സാണ് രേവതി പട്ടത്താനം എന്നും ഐതിഹ്യമുണ്ട്. അതിനുപിന്നില്‍ ഒരു പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും കഥയാണ്. ക്ഷേത്രത്തിലെ മൂസ്സതുമാരുടെ സഹായത്തോടെ സാമൂതിരി കോവിലകത്ത് കടന്നുകൂടിയ പന്തലായിനിക്കൊല്ലത്തെ കോലസ്വരൂപത്തിന്റെ ശാഖയിലെ ഒരു തമ്പുരാന്‍ കോവിലകത്തെ തമ്പുരാട്ടിയുമായി ഒളിച്ചോടി. ഇതറിഞ്ഞ സാമൂതിരി ആ തമ്പുരാട്ടിയെ വംശത്തില്‍നിന്ന് പുറന്തള്ളി.കോലത്തുനാട് ആക്രമിക്കാന്‍ സാമൂതിരിപ്പാട് സൈന്യത്തെ അയച്ചപ്പോള്‍ കോലത്തിരി അനന്തരവന്റെ കുറ്റം സമ്മതിച്ച് സന്ധിക്ക് തയ്യാറായി.
പന്തലായിനി ഉള്‍പ്പെട്ട നാടും തളിപ്പറമ്പു ക്ഷേത്രത്തിലെ കോയ്മസ്ഥാനവും സാമൂതിരിക്ക് വിട്ടുകൊടുത്തു. സാമൂതിരി മൂസ്സതുമാരെ ക്ഷേത്ര ഊരാണ്മസ്ഥാനത്തുനിന്ന് ഒഴിവാക്കി. അവര്‍ നിരാഹാരമനുഷ്ഠിച്ചു മരിച്ചു. ഇത് ബ്രഹ്മഹത്യയായി ദേവപ്രശ്‌നക്കാര്‍ വിധിച്ചുവെന്നാണ് പറയപ്പെടുന്നത്.
ബാലഹത്യാദോഷം നീക്കാനാണ് പട്ടത്താനം ആരംഭിച്ചതെന്നാണ് മറ്റൊരു വിശ്വാസം.
തിരുനാവായ യോഗക്കാരുടെ നിര്‍ദേശമനുസരിച്ചാണ് പട്ടത്താനം തുടങ്ങിയതെന്നും കഥയുണ്ട്.
Content Highlights: revathi pattathanam 2023 kozhikode samoothiri thali
Published: 27 Oct 2023, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented